ന്യൂഡല്‍ഹി: തെരുവുനായ കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്‍ അധിക സത്യവാംഗ്മൂലം സമര്‍പ്പിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കണ്ണൂരില്‍ 465 കുട്ടികള്‍ക്ക് തെരുവുനായയുടെ കടിയേറ്റെന്ന് സത്യവാംഗ്മൂലത്തില്‍ പറയുന്നു.മുഴുപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ പത്തുവയസുകാരന് നിഹാല്‍ നൗഷാദ് മരിച്ച കാര്യം സത്യവാംഗ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2019 മുതല്‍ തെരുവുനായയുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് സത്യവാംഗ്മൂലത്തില്‍ പറയുന്നു. എബിസി സെന്ററുകളുടെ പ്രവര്‍ത്തനവും ഇതിനായി ജില്ലാ പഞ്ചായത്ത് ചെലവഴിച്ച തുകയും സത്യവാംഗ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.തെരുവുനായ്ക്കളെ ദയാവധം ചെയ്യാനുള്ള അനുമതി ആവശ്യപ്പെട്ടുകൊണ്ടാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. തെരുവുനായ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലും ഇതിനെതിരെ മൃഗസ്നേഹികളുടെ സംഘടന നല്കിയ ഹര്‍ജിയിലും കോടതി വിശദമായ വാദം കേള്‍ക്കും.