കണ്ണൂർ :തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ വീടിനടുത്ത് വീണ്ടും തെരുവുനായ ആക്രമണം. പാച്ചാക്കരയിലെ മൂന്നാം ക്ലാസുകാരിയായ ജാൻവിക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ കാലിനും കൈയ്ക്കും പരിക്കേറ്റത് . മൂന്ന് നായ്ക്കളാണ് കുട്ടിയെ ആക്രമിച്ചത്.
എടക്കാട് റെയിൽവേ സ്റ്റേഷനു സമീപത്തുള്ള വീടിന്റെ മതിലിനുള്ളിൽ വച്ചാണ് തെരുവ് നായ്ക്കൾ കുട്ടിയെ അക്രമിച്ചത്. കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ മുറ്റത്തുനിന്ന് കളിക്കുകയായിരുന്ന കുട്ടിയെ നായ കടിച്ചെടുത്ത് കൊണ്ടുപോകാനുള്ള ശ്രമവും നടത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു. നിലത്തു വീണ കുട്ടിയെ മൂന്നു തെരുവുനായ്ക്കൾ ചേർന്ന് കടിച്ചുപരിക്കേൽപിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ആളുകൾ എത്തിയതോടെയാണ് തെരുവുനായ്ക്കൾ പോയത്. കുട്ടിയുടെ തലയ്ക്കും വയറിലും തുടയിലും കൈയിലും ആഴത്തിൽ മുറിവുണ്ട്.
കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ വീട്ടിൽനിന്നും 200 മീറ്റർ അകലെയാണ് പുതിയ സംഭവം. ഏതാനും ദിവസം മുൻപാണ് മുഴുപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ പത്തുവയസ്സുകാരൻ നിഹാൽ മരിച്ചത്. തുടർന്ന് മുഴുപ്പിലങ്ങാട് പ്രദേശത്തുനിന്ന് 31 തെരുവുനായ്ക്കളെ പിടികൂടി. തന്റെ മകനുണ്ടായ അനുഭവം ഇനി മറ്റൊരാൾക്കും വരാതിരിക്കാൻ അക്രമകാരികളായ തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യാനുള്ള നടപടി വേണമെന്ന് മരിച്ച നിഹാലിന്റെ പിതാവ് നൗഷാദ് ആവശ്യപ്പെട്ടിരുന്നു.