സാമ്പത്തിക വർഷത്തിന്റെ അവസാന ആഴ്ചയിൽ ഓഹരി വിപണി പ്രവർത്തിക്കുക മൂന്ന് ദിവസം മാത്രം. അവധികൾ കൂട്ടമായെത്തുന്നതാണ് ഇതിന് കാരണം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും (ബി.എസ്.ഇ) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും (എൻ.എസ്.ഇ) ഹോളി പ്രമാണിച്ച് മാർച്ച് 25നും ദുഃഖവെള്ളിയാഴ്ചയായ മാർച്ച് 29നും വ്യാപാരം നടക്കില്ല. ഈ രണ്ട് അവധി ദിനങ്ങളിലും ഓഹരി, ഇക്വിറ്റി ഡെറിവേറ്റീവുകൾ, സെക്യൂരിറ്റീസ് ലെൻഡിംഗ് ആൻഡ് ബോറോയിംഗ് (എസ്.എൽ.ബി) വിഭാഗങ്ങളിലെ വ്യാപാരം നടക്കില്ല. എക്സ്ചേഞ്ചുകൾ പുറത്തിറക്കിയ അവധികൾ പ്രകാരം മാർച്ച് 25, 29 തീയതികളിൽ കറൻസി ഡെറിവേറ്റീവ് വിഭാഗവും പ്രവർത്തിക്കില്ല.
എന്നാൽ കമ്മോഡിറ്റി ഡെറിവേറ്റീവുകൾ, ഇലക്ട്രോണിക് ഗോൾഡ് റസീറ്റ്സ് (ഇ.ജി.ആർ) വിഭാഗങ്ങളിൽ ഭാഗികമായി വ്യാപാരം ഉണ്ടാകും. ഹോളി ദിനമായ മാർച്ച് 25ന് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഈ വിഭാഗങ്ങളിൽ വ്യാപാരമുണ്ടാകില്ലെങ്കിലും വൈകുന്നേരം 5 മുതൽ അർദ്ധരാത്രി വരെ ഇവയുടെ വ്യാപാരം അനുവദിക്കും. അതേസമയം മാർച്ച് 29 ദുഃഖവെള്ളിയാഴ്ച സമ്പൂർണ്ണ അവധിയായിരിക്കും. മാർച്ചിലെ അവസാന ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.