മുംബൈ: ഓഹരി വിപണിയില്‍ വൻകുതിപ്പ്. സെന്‍സെക്സ് എക്കാലത്തേയും മികച്ച നേട്ടമായ 63,588.31ലെത്തി. എച്ച്ഡിഎഫ്സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ മികച്ച പ്രകടനമാണ് സെന്‍സെക്സിന് ഗുണം ചെയ്തത്. 2022 ഡിസംബര്‍ ഒന്നിന് രേഖപ്പെടുത്തിയ 63,583.07 എന്ന പോയന്റ് മറികടന്നാണ് 63,588.31 എന്ന റെക്കോർഡ് നിലവാരത്തിലെത്തിയത്. 260 പോയന്റാണ് നേട്ടം. നിഫ്റ്റിയാകട്ടെ 18,870 നിലവാരത്തിലെത്തി. 18,887.60 ആണ് റെക്കോർഡ് ഉയരം. ആഗോള വിപണികളിലെ മുന്നേറ്റമാണ് രാജ്യത്തെ സൂചികകളെയും സ്വാധീനിച്ചത്.
രാവിലെ വ്യാപാരം ആരംഭിച്ചയുടന്‍ ബിഎസ്ഇ സെന്‍സെക്സ് 146 പോയിന്റ് ഉയര്‍ന്ന് 63,473.70ലെത്തി. എന്‍എസ്ഇ നിഫ്റ്റി 37 പോയിന്റ് നേട്ടത്തില്‍ 18,853.70ലുമെത്തിയിരുന്നു. വൈകാതെ സെന്‍സെക്സ് 260.61 പോയിന്റ് ഉയര്‍ന്ന് 63,588.31ലെത്തി. ഏഴ് മാസത്തിനു ശേഷമാണ് വിപണി ഇത്രയും ശക്തമായ ഉണര്‍വ് പ്രകടിപ്പിക്കുന്നത്. സെന്‍സെക്സ് ഓഹരികളില്‍ അള്‍ട്രടെക് സിമെന്റ്, പവര്‍ഗ്രിഡ്, വിപ്രോ, ടെക് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. എന്‍ടിപിസി, ആക്സിസ് ബാങ്ക്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ബജാജ് ഫിന്‍സര്‍വ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ശ്രീറാം ഫിനാന്‍സ്, പിരമള്‍ എന്റര്‍പ്രൈസസ് എന്നിവയുടെ ഓഹരി വില അപ്പര്‍ സര്‍ക്യൂട്ട് ഭേദിച്ചു. 10 ശതമാനം മുന്നേറ്റമാണ് നടത്തിയത്. റെയില്‍ വികാസ് നിഗം ഓഹരിയില്‍ നാല് ശതമാനമാണ് കുതിപ്പുണ്ടായത്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, ധനകാര്യ സേവനം, ബാങ്ക്, എഫ്എംസിജി, ഐടി, മീഡിയ, റിയാല്‍റ്റി തുടങ്ങിയവയും നേട്ടത്തിലാണ്. നിഫ്റ്റി മിഡ് ക്യാപ് 1.01ശതമാനവും സ്മോള്‍ ക്യാപ് 0.68 ശതമാനവും ഉയര്‍ന്നു. ആഗോളതലത്തില്‍ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച മാന്ദ്യം യുഎസിനെ കാര്യമായി ബാധിക്കാതിരുന്നതാണ് വിപണി നേട്ടമാക്കിയത്. മാന്ദ്യഭീതിയില്‍ നേരത്തെതന്നെ യുഎസ് സൂചികകള്‍ കനത്ത ഇടിവ് നേരിട്ടിരുന്നു. അതില്‍നിന്നുള്ള മുന്നേറ്റമായാണ് സാമ്പത്തിക വിദഗ്ധർ ഇതിനെ കാണുന്നത്.
ഏഷ്യന്‍ മാര്‍ക്കറ്റില്‍ ടോക്യോ നേട്ടത്തിലാണ്. എന്നാല്‍ സോള്‍, ഷാങ്ഹായ്, ഹോങ്കോംഗ് വിപണികള്‍ നഷ്ടത്തിലാണ്. യു.എസ് വിപണിയും ഇന്നലെ നഷ്ടത്തില്‍ ക്ലോസ് ചെയ്തിരുന്നു. ബ്രെന്റ് ക്രൂഡ് വില 0.26 ശതമാനം ഉയര്‍ന്ന് ബാരലിന് 76.09 ഡോളര്‍ ആയി. ഫോറിന് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റേഴ്സ് 942.62 കോടി രൂപയുടെ ഓഹരി വിൽപന നടത്തിയിരുന്നു.