കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീട പോരാട്ടം കനത്തു. കണ്ണൂരും കോഴിക്കോടും തമ്മിൽ ഒറ്റ പോയിന്റ് വ്യത്യാസത്തിൽ മത്സരം ഇഞ്ചോടിഞ്ച്. നിലവിൽ കണ്ണൂരിന് 887 പോയിന്റും കോഴിക്കോടിനു 886 പോയിന്റുമാണ് നിലവിൽ. 880 പോയിന്റുമായി പാലക്കാട് പോയിന്റുമായി മൂന്നാം സ്ഥാനത്ത്.
ഹൈസ്കൂൾ വിഭാഗം ഭരതനാട്യം, നാടകം, ഹയർ സെക്കൻഡറി വിഭാഗം കേരള നടനം, നാടോടി നൃത്തം, കോൽക്കളി, വട്ടപ്പാട്ട്, സംഘ നൃത്തം അക്കമുള്ളവയായിരുന്നു ഇന്നത്തെ പ്രധാന മത്സരങ്ങൾ. ഇടയ്ക്കു പെയ്ത മഴയ്ക്കും മത്സരച്ചൂടിനെ തണുപ്പിക്കാനായില്ല. മഴയെ തുടർന്നു വേദി ഒന്നിൽ മത്സരം അൽപ്പ നേരം നിർത്തിയിരുന്നു. ഒന്നാം വേദിയിൽ സംഘനൃത്തം നടക്കുന്നതിനിടെയായിരുന്നു മഴ. അതിനിടെ വൃന്ദവാദ്യ വേദിയിൽ ആവശ്യമായ ശബ്ദ സംവിധാനങ്ങൾ ഇല്ലാത്തത് പ്രതിഷേധത്തിനു ഇടയാക്കി. വേദി മാറ്റിയാണ് മത്സരം നടത്തിയത്.
തിങ്കളാഴ്ച പത്തിനങ്ങൾമാത്രമാണ് ബാക്കിയുള്ളത്. സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ കിരീടം നിലനിർത്തുമെന്ന് ഉറപ്പായി. ഇരുനൂറിലേറെ പോയിന്റുമായാണ് കുതിപ്പ്. രണ്ടാമതുള്ള തിരുവനന്തപുരം കാർമൽ ഹയർ സെക്കൻഡറി സ്കൂളിന് നൂറ് പോയിന്റാണുള്ളത്. അറബിക് കലോത്സവത്തിൽ മലപ്പുറവും കണ്ണൂരും ഒപ്പത്തിനൊപ്പമാണ്. സംസ്കൃതോത്സവത്തിൽ കൊല്ലം, പാലക്കാട്, തൃശൂർ എന്നിവർ ഒന്നാംസ്ഥാനത്താണ്.
കലോത്സവസമാപനം കളറാക്കാൻ തിങ്കളാഴ്ച വിശിഷ്ടാതിഥിയായി നടൻ മമ്മൂട്ടി എത്തും. പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് വൈകിട്ട് 4.30ന് സമാപനച്ചടങ്ങ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി സമ്മാനം വിതരണം ചെയ്യും.
പോയിന്റ് നില (തിങ്കൾ പുലർച്ചെ 12.15 വരെ)
കണ്ണൂർ 887
കോഴിക്കോട് 886
പാലക്കാട് 880
തൃശൂർ 865
മലപ്പുറം 852
കൊല്ലം 845
എറണാകുളം 836
തിരുവനന്തപുരം 811
ആലപ്പുഴ 794
കാസർകോട് 791
കോട്ടയം 781
വയനാട് 763
പത്തനംതിട്ട 722
ഇടുക്കി 678