കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് അണിങ്ങൊരുങ്ങി കൊല്ലം. കോഴിക്കോട് നിന്നും ഘോഷയാത്രയായി തിരിച്ച സ്കൂൾ കലോത്സവ വിജയികൾക്കായുള്ള സ്വർണക്കപ്പിന് ഇന്ന് ആശ്രാമത്ത് സ്വീകരണം നൽകും. നാളെ മുതൽ നാല് ദിവസം കലാ മാമാങ്കത്തിന്റെ ദിനങ്ങളാണ്. വിവിധ ജില്ലകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരത്തോടെയാണ് സ്വർണക്കപ്പ് പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് എത്തുക.
24 വേദികളിലായാണ് ഇക്കുറി സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നത്. ജനുവരി നാലിന് രാവിലെ കൊല്ലം ആശ്രാമം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎഎസ് പതാക ഉയർത്തും. 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. കൊല്ലം നഗരം ഇത് നാലാം തവണയാണ് സംസ്ഥാവ സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. 239 ഇനങ്ങളിലായി പതിനായിരക്കണക്കിന് വിദ്യാർഥികളാണ് മേളയിൽ മാറ്റുരയ്ക്കുക. ജനുവരി എട്ടിന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി സമാപന ചടങ്ങിൽ മുഖ്യാതിഥിയാകും.
വിവാദങ്ങൾക്കൊടുവിൽ ഇക്കുറിയും പഴയിടം മോഹനൻ സമ്പൂതിരിയാണ് കലോത്സവത്തിന് ഭക്ഷണമൊരുക്കുക. ഓരെസമയം 2000 പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിൽ കൊല്ലം ക്രേവൻ ഹൈസ്കൂളിലാണ് ഊട്ടുപുര സജ്ജീകരിച്ചിരിക്കുന്നത്. നാളെ മുതൽ മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കും.