തിരുവനന്തപുരം: നെല്ല് സംഭരണത്തിന്റെ ബോണസ് തുക ഇനത്തിൽ കർഷകർക്ക് വിതരണം ചെയ്യാൻ ധനവകുപ്പ് 250 കോടി രൂപ അനുവദിച്ചു. നെല്ല് സംഭരണത്തിന് കേന്ദ്ര സർക്കാർ അനുവദിക്കുന്ന തുകയ്ക്കു പുറമേ സംസ്ഥാന സർക്കാർ നൽകുന്ന അധിക തുക നൽകാൻ പ്രധാനമായി ഈ തുക വിനിയോഗിക്കണമെന്നാണു നിർദേശം.
ഇതുകൂടാതെ നെല്ലു സംഭരണത്തിന്റെ മാർക്കറ്റ് ഇടപെടലിനും തുക വിനിയോഗിക്കണം. നെല്ലു സംഭരണത്തിനായി രണ്ടാം ഘട്ടമായി തുക വകയിരുത്തുന്നതും ധനവകുപ്പിന്റെ പരിഗണനയിലുണ്ട്. നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് 400 കോടിയോളം രൂപ കുടിശികയുണ്ട്. ഇതു കൊടുത്തു തീർക്കാനുള്ള വായ്പയ്ക്കായി നേരത്തെ ബാങ്ക് കണ്‍സോർഷ്യം രൂപീകരിച്ചെങ്കിലും ഇവർ പിൻമാറിയ സാഹചര്യത്തിൽ കർഷകർക്കു തുക കൊടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ടായി. തുടർന്നു കേരള ബാങ്കിൽ നിന്നു വായ്പ എടുക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നത്.