തിരുവനന്തപുരം: ദേശീയ- സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്കായിരിക്കും ദേശീയ അവാർഡുകൾ പ്രഖ്യാപിക്കുക. എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡാണ് ഇന്നത്തേത്. മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, ഋഷബ് ഷെട്ടിയുടെ കാന്താര, കെ.ജി.എഫ്- 2, ബ്രഹ്മാസ്ത്ര, മഹാൻ, പൊന്നിയൻ സെൽവൻ എന്നിവയാണ് പ്രധാനമായും ദേശീയ ചലച്ചിത്ര അക്കാദമിയുടെ പട്ടികയിലുള്ള ചിത്രങ്ങൾ.
സംസ്ഥാന പുരസ്കാരങ്ങൾ ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കും. സംസ്ഥാന തലത്തിൽ പത്തോളം സിനിമകളാണ് അന്തിമഘട്ടത്തിൽ ജൂറിയുടെ പരിഗണനയിലുള്ളത്. സിനിമയുടെ വിവിധ മേഖലകളിലായി 36 ഇനങ്ങളിലാണ് അവാർഡ് പ്രഖ്യാപിക്കാൻ ഇരിക്കുന്നത്. വലിയ പ്രേക്ഷക പ്രശംസ നേടിയ ആടുജീവിതവും കാതലുമാണ് ജൂറി പരിഗണനയിലുള്ള പ്രധാന ചിത്രങ്ങൾ. മികച്ച സംവിധായകനുള്ള അവാർഡിന് ബ്ലെസ്സിയും ജിയോ ബേബിയും തമ്മിൽ കടുത്ത മത്സരം എന്ന് വിലയിരുത്തപ്പെടുന്നു.
മികച്ച നടനായി കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മമ്മൂട്ടിയും ആടുജീവിതത്തിലെ നജീബായ പൃഥ്വിരാജും തമ്മിലാണ് കടുത്ത മത്സരമെന്നാണ് സൂചന. അപ്രതീക്ഷിതമായി മറ്റാരെങ്കിലും മികച്ച നടനുള്ള പുരസ്കാരം നേടുമോയെന്നതും ആകാംക്ഷയുണർത്തുന്നു. കഴിഞ്ഞ വർഷം മമ്മൂട്ടിയായിരുന്നു മികച്ച നടൻ.മികച്ച നടിക്കായും കടുത്ത പോരാട്ടമാണ്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയമാണ് ഉർവ്വശി, പാർവതി തിരുവോത്ത് എന്നിവരെ മുന്നിട്ടു നിർത്തുന്നത്. നേര് എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ച അനശ്വര രാജൻ, ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദർശനും മത്സരത്തിനുണ്ട്.
മികച്ച സംവിധായകൻ, സംഗീത സംവിധായകൻ തുടങ്ങിയ പുരസ്കാരങ്ങൾക്കും കടുത്ത മത്സരമാണ് ഇക്കുറി. 160 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. ഇതിൽ 84 എണ്ണവും നവാഗത സംവിധായകരുടേതാണ്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് അവാർഡ് തീരുമാനിക്കുന്നത്.
മികച്ച അഭിനേത്രിക്കുള്ള അവാർഡിന് ഒരേ സിനിമയിൽ ഒന്നിച്ച് അഭിനയിച്ച ഉർവശിയും പാർവതിയും പരസ്പരം മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഉള്ളൊഴുക്കിലെ അഭിനയത്തിന് ജൂറി തിരഞ്ഞെടുത്താൽ ഉർവശിക്ക് ഇത്തവണത്തേത് കരിയറിലെ ആറാം പുരസ്കാരമായിരിക്കും. ആടുജീവിതത്തിൽ ഒരുക്കിയ സംഗീത വിസ്മയത്തിന് എ.ആർ റഹ്മാനേയും ജൂറി പുരസ്കാരത്തിന് പരിഗണിക്കുന്നുണ്ട്.