തിരുവനന്തപുരം : നികുതി കുടിശിക വരുത്തുന്നവര്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ സംസ്ഥാന ജിഎസ്ടി വകുപ്പ്. നികുതി കുടിശിക വരുത്തുന്നവരുടെ ബാങ്ക്, ഓഹരി വിപണി നിക്ഷേപങ്ങളില്‍ നിന്നടക്കം പണം പിടിച്ചെടുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ തീരുമാനം.
ജിഎസ്ടി നിയമം നല്കുന്ന ഈ സൗകര്യം ആദ്യമായി പ്രയോഗിക്കാനാണ് വകുപ്പിന്റെ നീക്കം. നിലവില്‍ നോട്ടീസ് അയച്ചും നേരിട്ടെത്തി നിര്‍ബന്ധിച്ചും നികുതി ഈടാക്കുന്ന രീതിയാണ് വകുപ്പിന്റേത്. എന്നിട്ടും അടയ്ക്കാത്തവര്ക്കായി ആംനെസ്റ്റി പദ്ധതിയും പ്രഖ്യാപിക്കാറുണ്ട്. ഇതിനു പുറമേ, നിയമത്തിലെ എല്ലാ റിക്കവറി മാര്‍ഗങ്ങളും പ്രയോഗിക്കുന്നതോടെ കൂടുതല്‍ പേര് നികുതി അടയ്ക്കാന്‍ തയാറാകുമെന്നാണു കണക്കുകൂട്ടല്‍.
മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും നികുതി അടച്ചില്ലെങ്കില്‍ വ്യാപാരിയുടെ ലെഡ്ജറില്‍ തുകയുണ്ടെങ്കില്‍ അത് നികുതിയായി ഈടാക്കാനാണ് ആദ്യം ശ്രമിക്കുക. വ്യാപാരിക്ക് സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കാനുണ്ടെങ്കില്‍ അതും കുടിശികയിനത്തില്‍ വരവു വയ്ക്കും. ബാങ്ക്, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, ഓഹരി വിപണി, ഇന്‍ഷുറന്‍സ് പോളിസികള്‍ തുടങ്ങിയവയില്‍നിന്നു കുടിശിക വസൂലാക്കാനുള്ള സാധ്യതകളും തേടും. അതും സാധിച്ചില്ലെങ്കില്‍ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടും.