തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണം സിബിഐ അന്വേഷിക്കും. കേസന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി.ഏറെ ദുഃഖമുണ്ടാക്കിയ സംഭവമാണ് സിദ്ധാര്‍ഥന്റെ മരണമെന്നും അച്ഛന് ജയപ്രകാശന്‍ തന്നെ വന്ന് കണ്ടിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണം കുറ്റമറ്റതാണെങ്കിലും കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് കേസ് സിബിഐക്ക് വിടുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഏജന്‍സി കേസന്വേഷിച്ചാല്‍ സിദ്ധാര്ഥന് നീതി കിട്ടില്ലെന്ന് കുടുംബം തുടക്കം മുതല്‍ ആരോപിച്ചിരുന്നു. വിഷയത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. സിദ്ധാര്‍ഥന്റെ മരണത്തില്‍ ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് രാവിലെ കുടുംബം പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയെ കണ്ട ശേഷമായിരുന്നു സിദ്ധാര്‍ഥന്റെ അച്ഛന് ജയപ്രകാശിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറങ്ങിയത്.