തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാൽ പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതയും ശക്തമാക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. ഗുരുതരരോഗികൾ ഒരേസമയം ആശുപത്രികളിലെത്തിയാൽ ആശുപത്രി സംവിധാനത്തിന് താങ്ങാൻ പറ്റില്ല.
അത്തരമൊരു സാഹചര്യമുണ്ടാവാതിരിക്കാൻ വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടത്തണം. കുട്ടികളിൽ ഇൻഫ്ളുവൻസ കൂടി വരികയാണ്. ഈ സാഹചര്യത്തിൽ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനത്തിനും പൊതുവിൽ എടുക്കേണ്ട തീരുമാനങ്ങൾ ചർച്ച ചെയ്യാനുമാണ് യോഗം വിളിച്ചതെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
ജില്ലാതലത്തിൽ കൂടാതെ തദ്ദേശ തലത്തിൽ രണ്ടാഴ്ചയിലൊരിക്കൽ യോഗം വിളിക്കുമെന്ന് മന്ത്രി എം.ബി. രാജേഷും പറഞ്ഞു. മെഡിക്കൽ ഓഫീസർ, കുടുംബശ്രീ, ഹരിതകർമ സേന, തൊഴിലുറപ്പ്, പാടശേഖര സമിതി തുടങ്ങിയ പ്രതിനിധികളെ കൂടി യോഗത്തിൽ ഉൾപ്പെടുത്തും.
ഹോട്ട് സ്പോട്ടുകളിൽ പ്രത്യേക ഇടപെടൽ നടത്തും. മഴക്കാല ശുചീകരണം നേരത്തെ തന്നെ നടത്തി വരുന്നു. നല്ല മാറ്റമുണ്ടായി. തദ്ദേശ സ്ഥാപനങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഡ്രൈ ഡേ ആചരിക്കുമെന്നും മന്ത്രി പറഞ്ഞു.
വരുന്ന ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. സർക്കാർ സ്വകാര്യ ഓഫീസുകളും സ്ഥാപനങ്ങളും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പ്രതിരോധം ഉറപ്പാക്കണം.