തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നു. ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് സംവിധായകൻ വിനയൻ സർക്കാറിനോട് ആവശ്യപ്പെടും. അല്ലാത്തപക്ഷം കോടതിയെ സമീപിക്കാനും നീക്കമുണ്ട്.
ജൂറി അംഗത്തിന്റെ ശബ്ദ രേഖ അടക്കം കോടതിയിൽ ഹാജരാക്കാനാണ് ആലോചന. തന്റെ ചിത്രത്തെ അവാർഡ് നിർണയത്തിൽ നിന്ന് രഞ്ജിത്ത് വെട്ടിയെന്ന് വിനയൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പിന്നാലെ തെളിവ് പുറത്തുവിട്ട് വിനയൻ രംഗത്ത് എത്തി. ‘പത്തൊമ്പതാം നൂറ്റാണ്ടി’നെ ചവറു പടമെന്ന് പറഞ്ഞ് ഒഴിവാക്കാൻ ജൂറി അംഗങ്ങളോട് ആവശ്യപ്പെട്ടു. അവാർഡ് നിർണയത്തിൽ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മുതിർന്ന ജൂറി അംഗം സാംസ്കാരിക വകുപ്പിനെയും ചലച്ചിത്ര അക്കാദമി സെക്രട്ടറിയെയും അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല എന്നിങ്ങനെയായിരുന്നു വിനയന്റെ ആരോപണം. ഇതിനെ സാധൂകരിക്കുന്ന ഓഡിയോ റെക്കോർഡ് ആണ് സംവിധായകൻ പുറത്തുവിട്ടത്.
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നിർണ്ണയിക്കുന്ന പാനലിലെ പ്രധാന ജൂറി മെമ്പറും പ്രാഥമിക ജൂറിയുടെ ചെയർമാനുമായിരുന്ന നേമം പുഷ്പരാജിൻെറ ശബ്ദമാണ് ഓഡിയോയിലുള്ളതെന്ന് വിനയൻ പറയുന്നു.