ആലുവ : വൻ തോതിൽ വ്യാജ കള്ള് നിർമിക്കുന്ന കേന്ദ്രം ആലുവയിൽ എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലായി. വിൻസന്റ്, ജോസഫ്, ജിതിൻ, ഷാജി എന്നിവരാണ് പിടിയിലായത്. ശിവരാത്രി മണപുറം റോഡിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഒരു വർഷമായി വാടകയ്ക്ക് കെട്ടിടം എടുത്ത് സംഘം കള്ള് നിർമിച്ചു വരികയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ കള്ള് നിർമാണത്തിന് കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും പരിശോധിച്ച് വരികയാണ്. രാസ മിശ്രിതം ഉപയോഗിച്ച് നിർമിച്ച 1,500 ലിറ്റർ കള്ളും, കള്ള് കൊണ്ടുപോകാനെത്തിയ പിക് അപ്പ് വാനും പിടിച്ചെടുത്തു. 35 ലിറ്ററിന്റെ 42 കന്നാസുകളിലായാണ് വ്യാജ കള്ള് സൂക്ഷിച്ചിരുന്നത്. കള്ള് ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന ലോറൈൽ സൾഫേറ്റ്, സോഡിയം ലോറൈൽ സൾഫേറ്റ് എന്നീ പേസ്റ്റ് രൂപത്തിലുള്ള രാസ മിശ്രിതങ്ങളും പിടികൂടിയിട്ടുണ്ട്. കുറച്ചു കള്ളും സ്പിരിറ്റും വെള്ളവും രാസപദാർഥവുമായി കൂട്ടിക്കലർത്തിയാണ് വ്യാജ കള്ള് നിർമിച്ചിരുന്നത്.