കൊച്ചി: കളമശ്ശേരിയിലുണ്ടായത് ബോംബ് സ്ഫോടനമെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഐ.ഇ.ഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) വസ്തുവാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ സാധിക്കൂവെന്നും ഡി.ജി.പി പറഞ്ഞു.
ഡി.ജി.പി ഉടൻ തന്നെ കളമശ്ശേരിയിലെത്തും. സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ പാടില്ല. വ്യാജപ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും ഡി.ജി.പി മുന്നറിയിപ്പ് നൽകി.യഹോവ സാക്ഷികളുടെ പ്രാർഥനാ സമ്മേളനത്തിനിടെ രാവിലെ 9.45 ഓടെയാണ് ആദ്യ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഒരു സ്ത്രീ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. 2200 പേർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നതായാണ് വിവരം.
തുടർച്ചയായി മൂന്നുനാലിടങ്ങളിൽ സ്ഫോടനമുണ്ടായെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് വിവരങ്ങൾ തേടി. എൻ.ഐ.എ, എസ്.പി.ജി ഉദ്യോഗസ്ഥർ ഓഡിറ്റോറിയത്തിൽ പരിശോധന നടത്തി.