ന്യൂഡൽഹി: തെരുവ് നായ വിഷയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജിയിൽ കക്ഷിചേരാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. അപകടകാരികളായ തെരുവ് നായകളെ കൊല്ലണമെന്നും കേരളത്തിൽ തെരുവ് നായ ആക്രമണം വർധിച്ചുവരികയാണെന്നും കമ്മീഷൻ അപേക്ഷയിൽ അറിയിച്ചു.
തെരുവു നായ് ശല്യം നിയന്ത്രിക്കുന്നതിന് നായ്ക്കളെ കൊന്നൊടുക്കുകയോ കൂട്ടിലടയ്ക്കുകയോ ചെയ്യണമെന്ന് കമ്മിഷന് ആവശ്യപ്പെടുന്നു.തെരുവു നായ്ക്കള്‍ പൊതു സുരക്ഷയ്ക്കു ഭീഷണിയാണ്. അവ മനുഷ്യരെയും മറ്റു മൃഗങ്ങളെയും ആക്രമിക്കുന്നു. തെരുവുനായ്ക്കള്‍ രോഗം പരത്തുന്നുണ്ടെന്നും കമ്മിഷന് കോടതിയിൽ അറിയിച്ചു.
2019ല്‍ കേരളത്തില്‍ 5794 തെരുവു നായ ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2022ല്‍ 11,776 എണ്ണം ആയി ഉയര്‍ന്നെന്ന് കമ്മിഷന് ചൂണ്ടിക്കാട്ടി. കണ്ണൂരില്‍ പതിനൊന്നുവയസുകാരനായ നിഹാല്‍ തെരുവു നായ ആക്രമണത്തില്‍ മരിച്ചതും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.