തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ പ്ലസ് വൺ അധികബാച്ചുകൾ അനുവദിക്കുന്നതിലും ഓണക്കിറ്റ് വിതരണകാര്യത്തിലും ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും. ആഗസ്റ്റ് ഏഴിനാരംഭിക്കുന്ന നിയമസഭാസമ്മേളനത്തിൽ പരിഗണിക്കുന്ന ഏതാനും കരട് ബില്ലുകളും മന്ത്രിസഭ പരിഗണിച്ചേക്കും.
സാമ്പത്തികപ്രതിസന്ധി നിലനിൽക്കുന്നതിനാൽ മഞ്ഞക്കാർഡ് ഉടമകൾക്കും അവശവിഭാഗങ്ങൾക്കും മാത്രമായി ഇത്തവണ ഓണക്കിറ്റ് ചുരുക്കുമെന്നാണ് സൂചന. എട്ട് ലക്ഷം കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകിയാൽ മതിയെന്ന് ഭക്ഷ്യവകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്. ഇതിൽ ആറ് ലക്ഷം പേരും മുൻഗണനാ കാർഡുടമകളും മറ്റ് അവശവിഭാഗങ്ങളുമാണ്. കൂടുതൽ വിഭാഗങ്ങളെ പരിഗണിക്കണോയെന്നതിൽ മന്ത്രിസഭ ആലോചിച്ച് തീരുമാനമെടുക്കും. കിറ്റൊന്നിന് 450 രൂപ വരെയാണ് ചെലവ് കണക്കാക്കുന്നത്.45 ലക്ഷം കാർഡുടമകൾക്കാണ് കഴിഞ്ഞ രണ്ട് വർഷവും ഓണക്കിറ്റ് നൽകിയിരുന്നത്.
പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് മലബാർ മേഖലയിൽ പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലായി 97 താത്കാലികബാച്ചുകൾ പുതുതായി അനുവദിക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫയലും മന്ത്രിസഭ പരിഗണിച്ചേക്കും. 15 കോടിയാണ് ഇതിന് ചെലവ് കണക്കാക്കുന്നത്.