തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ പ്രകാരം 6043 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ഇന്നുചേർന്ന മന്ത്രിസഭാ യോഗം അനുമതി നല്കി. 2326 സ്കൂളുകളിലാണ് 2022 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ തസ്തിക സൃഷ്ടിക്കുക.
സര്‍ക്കാര്‍ മേഖലയിലെ 1114 സ്കൂളുകളില്‍ നിന്നായി 3101 അധിക തസ്തികകളും എയ്ഡഡ് മേഖലയിലെ 1212 സ്കൂളുകളില്‍ നിന്നായി 2942 അധിക തസ്തികകളും ഇതില്‍ ഉള്‍പ്പെടും. 5944 അധ്യാപക തസ്തികകളും 99 അനധ്യാപക തസ്തികകളുമാണ്. 58,99,93,200 രൂപയുടെ പ്രതിവര്‍ഷ പ്രതീക്ഷിത സാമ്പത്തിക ബാധ്യത വരും. ഇപ്രകാരം സൃഷ്ടിക്കുന്ന 6043 തസ്തികകളില്‍ എയ്ഡഡ് മേഖലയില്‍ കുറവു വന്നിട്ടുള്ള 2996 തസ്തികകളിലെ അധ്യാപകരെ കെ.ഇ.ആറിലെ വ്യവസ്ഥകള്‍ പ്രകാരം പുനര്‍വിന്യസിക്കുകയും സര്‍ക്കാര്‍ മേഖലയില്‍ 1638 അധ്യാപകരെ ക്രമീകരിക്കുകയും ചെയ്യും.
നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം
തെരുവു നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് മരണപ്പെട്ട കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ നിഹാല്‍ എന്ന കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ഈ മാസം 11നാണ് നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ മരണപ്പെട്ടത്.
നെല്ല് സംഭരണം
നെല്ല് സംഭരണം സംബന്ധിച്ച വിഷയങ്ങള്‍ പരിഗണിച്ച് ആവശ്യമായ തീരുമാനങ്ങളെടുക്കുകയോ ശിപാര്‍ശകള്‍ സമര്‍പ്പിക്കുകയോ ചെയ്യുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തും. ധനകാര്യം, ഭക്ഷ്യ-പൊതുവിതരണം, കൃഷി, സഹകരണം, വൈദ്യുതി വകുപ്പ് മന്ത്രിമാര്‍ അടങ്ങുന്നതാണ് ഉപസമിതി.
സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവില്‍ ഭേദഗതി
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനായി രേഖകള്‍/ സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവില്‍ ഭേദഗതി. ഗസറ്റഡ് ഉദ്യോഗസ്ഥന്/ നോട്ടറി സാക്ഷ്യപ്പെടുത്തണം എന്ന രീതി ഒഴിവാക്കി രേഖകളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്താന്‍ 7.10.21ലെ ഉത്തരവ് പ്രകാരം അനുമതി നല്‍കിയിരുന്നു. അതില്‍ ഏതെങ്കിലും നിയമത്തില്‍, നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥന് സാക്ഷ്യപ്പെടുത്തണമെന്ന് പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുള്ളവ ഒഴികെയാണ് സ്വയം സാക്ഷ്യപ്പെടുത്താനാവുക എന്നാണ് ഭേദഗതി.
Read more: https://www.deshabhimani.com/news/kerala/cabinet-decisions-kerala-27-06-2023/1100568