തിരുവനന്തപുരം: മുന്നണിയുടെ കെട്ടുറപ്പ് ബാധിക്കുന്ന വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. 18ന് സമാപിക്കും. വയനാട്, കോഴിക്കോട് ജില്ലകളിലുണ്ടായ പ്രകൃതിദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ച് സഭ ഇന്ന് പിരിയും. പൂരം കലക്കൽ-എ.ഡി.ജി.പിയുടെ ആർ.എസ്.എസ് കൂടിക്കാഴ്ച്ച വിഷയങ്ങളിൽ സിപിഐയും മുഖ്യമന്ത്രിക്കെതിരായ പോരാട്ടത്തിൽ പിവി അൻവർ എം.എൽ.എയും മന്ത്രിസ്ഥാന തർക്കത്തിൽ എൻ.സി.പിയും ഉടക്കി നിൽക്കുമ്പോഴാണ് സമ്മേളനം ആരംഭിക്കുന്നത്.
സഭ സമ്മേളിക്കുന്ന എട്ടിൽ ആറു ദിവസം ഗവൺമെന്റ് കാര്യങ്ങൾക്കും രണ്ടുദിവസങ്ങൾ അനൗദ്യോഗിക കാര്യങ്ങൾക്കുമായി നീക്കിവച്ചിട്ടുണ്ട്. 1946 ഡിസംബർ 9 മുതൽ 1947മേയ് രണ്ടുവരെ 21ദിവസങ്ങളിലായി ഭരണഘടനാ നിർമ്മാണസഭയിൽ നടന്ന ഡിബേറ്റുകളുടെ പരിഭാഷ മുൻ നിയമസഭാ സെക്രട്ടറി ഡോ.എൻ.കെ.ജയകുമാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുണ്ട്. അടുത്ത റിപ്പബ്ളിക് ദിനത്തിൽ പ്രകാശനം ചെയ്യും. ജനുവരി ആദ്യവാരം നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പ് നടത്തും.
അൻവറിന്റെ സീറ്റ് മാറ്റം: കത്ത് നൽകി
നിയമസഭയിൽ പി.വി.അൻവറിന്റെ സീറ്റ് സി.പി.എം ബ്ളോക്കിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി സെക്രട്ടറി ടി.പി.രാമകൃഷ്ണൻ കത്ത് നൽകിയിട്ടുണ്ട്. സീറ്റ് കിട്ടിയില്ലെങ്കിൽ നിലത്തിരിക്കുമെന്ന അൻവറിന്റെ പരാമർശം മാദ്ധ്യമപ്രവർത്തകർ ശ്രദ്ധയിൽ പെടുത്തിയപ്പോൾ സഭയിൽ 250 പേർക്ക് ഇരിക്കാൻ ഇരിപ്പിടമുണ്ടെന്നും അപ്പോൾ എന്തിന് നിലത്തിരിക്കണം എന്നുമായിരുന്നു സ്പീക്കറുടെ മറുപടി.
നിയമസഭയിൽ ഏതെങ്കിലും ചോദ്യങ്ങൾ മന:പൂർവം ഒഴിവാക്കിയിട്ടില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ പരാതി ലഭിച്ചിട്ടുണ്ട്. എല്ലാ ചോദ്യങ്ങളും സഭയ്ക്കകത്ത് വരുത്താനാകില്ല. മന:പൂർവം നക്ഷത്ര ചിഹ്നം ഒഴിവാക്കുമെന്ന് പ്രതിപക്ഷ നേതാവിനും അഭിപ്രായമുണ്ടെന്നു തോന്നുന്നില്ല.മുഖ്യമന്ത്രി ഏതെങ്കിലും ജില്ലയേയോ മതവിഭാഗത്തേയോ മന:പൂർവം ടാർജറ്റ് ചെയ്യുന്നതായി വിശ്വസിക്കുന്നില്ല.