ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന തുകക്കായിരുന്നു ഓസ്ട്രേലിയൻ താരങ്ങളായ മിച്ചൽ സ്റ്റാർക്കിനെയും പാറ്റ് കമ്മിൻസിനെയും ഐപിഎൽ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയത്. 24.5 കോടിക്ക് സ്റ്റാർക്കിനെ കൊൽക്കത്ത സ്വന്തമാക്കിയപ്പോൾ 20.5 കോടിക്കാണ് കമ്മിൻസിനെ ഹൈദരാബാദ് ടീമിലെത്തിച്ചത്. ഹൈദരാബാദിന്റെ നായകൻ കൂടിയാണ് ഓസ്ട്രേലിയക്ക് ഏകദിന ലോകകപ്പ് അടക്കം നേടിക്കൊടുത്ത കമ്മിൻസ്. ഇന്ന് രാത്രി ഏഴരക്ക് പ്രസിദ്ധമായ ഈഡൻ ഗാർഡൻസിൽ കൊൽക്കത്തയും ഹൈദരാബാദും ഏറ്റുമുട്ടുമ്പോൾ എല്ലാ കണ്ണുകളും സ്റ്റാർക്കിലേക്കും കമ്മിൻസിലേക്കുമായിരിക്കും. കമ്മിൻസിന്റെ മുൻ ഫ്രാഞ്ചൈസി കൂടിയാണ് കൊൽക്കത്ത.
2015ലാണ് ഇടംകയ്യൻ പേസറായ മിച്ചൽ സ്റ്റാർക്ക് അവസാനമായി ഐപിഎൽ കളിച്ചത്. 9 വർഷത്തിന് ശേഷവും താരത്തിന്റെ അസാധ്യമായ ബൗളിംഗാണ് വലിയ തുകക്ക് ടീമിലെടുക്കാൻ കൊൽക്കത്തയെ പ്രേരിപ്പിച്ചത്. എന്നാൽ ഓൾ റൗണ്ടർ എന്ന നിലക്കും നായകനായുമാണ് ഹൈദരാബാദ് കമ്മിൻസിനെ ടീമിലെത്തിച്ചത്. കമ്മിൻസിന്റെ വെടിക്കെട്ട് ബാറ്റിംഗിലൂടെ വാലറ്റത്തെ കൂട്ടത്തകർച്ച ഒഴിവാക്കാൻ സാധിക്കുമെന്നും ഹൈദരാബാദ് കണക്ക് കൂട്ടുന്നു.
വരുൺ ചക്രവർത്തി, മുജീബുർ റഹ്മാൻ, സുയാഷ് ശർമ, സുനിൽ നരെയ്ൻ എന്നിവരടങ്ങിയ സ്പിൻ നിരയും കൊൽക്കത്തക്കുണ്ട്. ശ്രേയസ്, നിതീഷ് റാണ, മനീഷ് പാണ്ഡെ, റിങ്കു സിങ്, ആന്ദ്രേ റസൽ എന്നിവർക്കാകും ബാറ്റിങ് യൂണിറ്റിന്റെ ചുമതല.
ഓസ്ട്രേലിയയുടെ ‘ഭാഗ്യ’ ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ നേതൃത്വത്തിലെത്തുന്ന ഹൈദരാബാദ് കഴിഞ്ഞ സീസണിൽ 10–ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അതിലൊരു മാറ്റമുണ്ടാക്കാനാണ് കമിൻസിനെ ഉൾപ്പെടെ ഇത്തവണ മാനേജ്മെന്റ് പൊന്നുംവില നൽകി ടീമിൽ എത്തിച്ചത്. ബാറ്റിങ്ങിൽ എയ്ഡൻ മാർക്രം, ട്രാവിസ് ഹെഡ്, ഗ്ലെൻ ഫിലിപ്സ്, ഹെൻറിച് ക്ലാസൻ തുടങ്ങിയ ട്വന്റി20 സ്പെഷലിസ്റ്റുകൾ ടീമിനു കരുത്തുപകരും.