ഹൈദരാബാദ് : തിരുമല തിരുപ്പതി ക്ഷേത്രത്തിലെ ടോക്കണ്‍ വിതരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടു മരിച്ചവരുടെ എണ്ണം ആറായി. ഇതിൽ മൂന്നു പേര് സ്ത്രീകളാണ്. 30 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിലേക്ക് ആളുകൾ തള്ളിക്കയതോടെയാണ് അപകടമുണ്ടായത്. രാത്രി എട്ട് മണിയോടെയാണ് ടോക്കൺ വിതരണം ആരംഭിച്ചത്. രാവിലെ മുതല്‍ തിരുപ്പതിയിലെ ടിക്കറ്റ് കൗണ്ടറുകളില്‍ ഭക്തജനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയിരുന്നത്.
മരിച്ചവരില്‍ ഒരാള്‍ തമിഴ്നാട് സേലം സ്വദേശി മല്ലികയാണെന്ന് തിരിച്ചറിഞ്ഞു. പരുക്കേറ്റവരെ ക്ഷേത്രത്തിനു സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണേന്ത്യയിലെ എറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് തിരുപ്പതി.