കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി നാളെ ക്രിസ്മസ് ദിനത്തിലും തുറക്കില്ല. ഏകികൃത കുർബാന അർപ്പിക്കാനുള്ള സമാധാന അന്തരീക്ഷമുണ്ടാകുന്നതു വരെ പള്ളി അടഞ്ഞു കിടക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ ആന്റണി പുതുവേൽ വ്യക്തമാക്കി.
കുർബാന തർക്കത്തെ തുടർന്ന് രണ്ട് വർഷമായി അടഞ്ഞു കിടന്ന ബസിലിക്ക മാർപ്പായുടെ പ്രതിനിധിയുമായുള്ള ചർച്ചയിൽ സമവായത്തിൽ എത്തിയിരുന്നു. എന്നാൽ ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന വിലയിരുത്തലിൽ ബസിലിക്കയും അതിനോടു അനുബന്ധിച്ചുള്ള പള്ളികളും അടച്ചു തന്നെ ഇടാനാണ് തീരുമാനമെന്ന് ആന്റണി പുതുവേൽ അറിയിച്ചു. മാർപ്പാപ്പയുടെ നിർദ്ദേശ പ്രകാരം എറണാകുളം അങ്കമാലി അതിരൂപതയിൽ 25 മുതൽ സിനഡ് കുർബാന അർപ്പിക്കണമെന്നായിരുന്നു വത്തിക്കാൻ പ്രതിനിധിയുടെ കത്ത്. തുടർ ചർച്ചകളിലാണ് അടഞ്ഞു കിടക്കുന്ന സെന്റ് മേരീസ് ബസലിക്ക ഡിസംബർ 24 ന് തുറക്കാനും മാർപ്പാപ്പയുടെ തീരുമാന പ്രകാരം സിനഡ് കുർബാന അർപ്പിക്കാനും തീരുമാനമായത്.
അതേസമയം അതിരൂപയ്ക്ക് കീഴിലെ മറ്റ് പള്ളികളിൽ ക്രിസ്തുമസ് ദിനം ഒരു തവണ സിനഡ് കുർബാന എന്നതാണ് മുന്നോട്ടുവെച്ച നിർദ്ദേശം. മൈനർ സെമിനാരികളിൽ മാസത്തിൽ ഒരു തവണ സിനഡ് കുർബാന അർപ്പിക്കുക, മലയാറ്റൂർ തീർത്ഥാടന കേന്ദ്രത്തിൽ പുറമെ നിന്നെത്തുന്നവർക്ക് ഇഷ്ടപ്രകാരമുള്ള കുർബാന അർപ്പിക്കാം എന്നും ചർച്ചയിൽ ധാരണയായിരുന്നു. എന്നാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് പള്ളി തുറക്കില്ലെന്ന തീരുമാനമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.