ന്യൂഡല്‍ഹി : സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് ‘സി’, ഗ്രേഡ് ‘ഡി’ തസ്തികകളിലേക്കുള്ള സ്കില്‍ ടെസ്റ്റിനുള്ള എക്സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പുറത്തിറക്കി സ്റ്റാഫ് സെലക്ഷന് കമ്മീഷന് (എസ്എസ്സി). സ്കില്‍ ടെസ്റ്റിന് യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് എസ്എസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.gov.inല്‍ ലോഗിന്‍ ചെയ്ത് എക്സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുംവിധം അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഏപ്രില്‍ 14 മുതല്‍ അവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ആക്സസ് ചെയ്യാന്‍ കഴിയും.
ഏപ്രില്‍ 16, 17 തീയതികളില്‍ സ്കില്‍ ടെസ്റ്റ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആകെ 35,955 ഉദ്യോഗാര്‍ത്ഥികളെയാണ് സ്കില്‍ ടെസ്റ്റിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്തത്. ഇതില്‍ ഗ്രേഡ് ‘സി’ തസ്തികയിലേക്ക് 9345 ഉദ്യോഗാര്‍ഥികളാണ് സ്കില്‍ ടെസ്റ്റിന് യോഗ്യത നേടിയത്. ഗ്രേഡ് ‘ഡി’ തസ്തികയിലേക്കുള്ള സ്കില്‍ ടെസ്റ്റില്‍ 26,610 ഉദ്യോഗാര്‍ഥികളാണ് പങ്കെടുക്കുക.
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ഥികളാണ് സ്റ്റെനോഗ്രാഫിയിലെ സ്കില്‍ ടെസ്റ്റിന് ഹാജരാകേണ്ടത്. പരീക്ഷയുടെ ഭാഗമായി, ഇംഗ്ലീഷിലോ ഹിന്ദിയിലോ കേട്ടെഴുതുന്നതിന് പത്ത് മിനിറ്റ് നേരമാണ് സമയം നല്‍കുക. ഗ്രേഡ് ‘സി’ക്ക് മിനിറ്റില്‍ 100 വാക്കുകളും ഗ്രേഡ് ‘ഡി’ക്ക് മിനിറ്റില്‍ 80 വാക്കുകളുമാണ് എഴുതേണ്ടത്.