KOCHI 2017 JUNE 03 : Sreeram Venkitaraman IAS . Scene from Manorama news TV conclave at Kochi @ Josekutty Panackal
ന്യൂഡൽഹി : മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമൻ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ഒന്നാം പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചത്.
നരഹത്യാക്കുറ്റം ചുമത്താൻ തെളിവില്ലെന്നാണ് ശ്രീറാമിന്റെ വാദം. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ തന്റെ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ല. സാധാരണ മോട്ടർ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണ് ഇതെന്നുമാണ് ശ്രീറാം ഹർജിയിൽ പറയുന്നത്.
നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്ന സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് വിധിച്ചത്. 2019 ഓഗസ്റ്റ് 3ന് പുലർച്ചെയാണ് ശ്രീറാമും സുഹൃത്ത് വഫയും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ടത്.