കേരളത്തിലെ ജനതാദള്‍ ഗ്രൂപ്പുകള്‍ ഇപ്പോള്‍ നിലനി്ല്പ്പിനായുള്ള പോരാട്ടത്തിലാണ്. രണ്ട് ജനതാദള്ഗ്രൂപ്പുകളും ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ ഭാഗമായി നില്‍ക്കുകയാണെങ്കിലും കെ കൃഷ്ണ്‍കുട്ടി മന്ത്രിയായിരിക്കുന്ന, മാത്യു ടി തോമസ് എംഎല്‍എ ആയിരിക്കുന്ന ജനതാദള്‍ എസ് അഖിലേന്ത്യാ തലത്തില്‍ ബിജെപിയോടൊപ്പമാണെന്ന് മാത്രമല്ല അതിന്റെ നേതാവ് ഡി കുമാരസ്വാമി നരേന്ദ്രമോദി മന്ത്രി സഭയില്‍ കാബിനറ്റ് മന്ത്രിയുമാണ്. അത്കൊണ്ട് അവര്‍ക്ക് അധികകാലം ആ പാര്‍ട്ടിയില്‍ തുടരുക സാധ്യമല്ല.
എംപി വീരേന്ദ്രകുമാറിന്റെ മകന് ശ്രേയാംസ് കുമാര്‍ നേതൃത്വം നല്കുന്ന രാഷ്ട്രീയ ജനതാദള്‍ ആണ് മുന്നണിയിലുള്ള മറ്റൊരു ജനതാദള്‍ ഗ്രൂപ്പ്. 2018 ല്‍ യുഡിഎഫ് വിടുമ്പോള്‍ എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗമായിരുന്നു. ഇടതുമുന്നണിയിലെത്തിയശേഷം ആ രാജ്യസഭാംഗത്വം തുടരുക മാത്രമല്ല,2020 ല്‍ അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോള്‍ അത് മകന് ശ്രേയസ് കുമാറിന് നല്‍കുകയും ചെയ്തു. 2022 ല്‍ ശ്രേയസ് കുമാറിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ ആ രാജ്യസഭാ സീറ്റ് സിപിഐക്കാണ് നല്‍കിയത്. ഈ വര്‍ഷം വീണ്ടും രാജ്യസഭാ സീറ്റ് ഒഴിവ് വന്നപ്പോള്‍ തങ്ങളെ പരിഗണിക്കാതിരുന്നത് തികഞ്ഞ അനീതിയാണെന്നാണ് ശ്രേയാംസ് കുമാറിന്റെ പരാതി. മുന്നണി മര്യാദകള്‍ പാലിക്കാതെയാണ് ഇത്തവണ തങ്ങളുടെ സീറ്റ് വീണ്ടും സിപിഐക്ക് തന്നെ നല്‍കിയതെന്നും ശ്രേയാംസ്കുമാര്‍ പറയുന്നു. കൂത്തുപറമ്പില്‍ നിന്നും ജയിച്ച മുന്‍മന്ത്രി കെപി മോഹനനാണ് ആ പാര്‍ട്ടിയെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നതും.
ദേവഗൗഡയുടെ പാര്‍ട്ടിയുടെ പ്രതിനിധിയായി ഇനി കൃഷ്ണന്‍കുട്ടിക്ക് മന്ത്രിയായിരിക്കാന്‍ കഴിയില്ലന്ന് എംവി ശ്രേയാംസ് കുമാറിനറിയാം. കൃഷ്ണന്‍കുട്ടി മാറുന്ന ഒഴുവില്‍ കെപി മോഹനനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ പാര്‍ട്ടി അണികളെയെങ്കിലും തല്ക്കാലം പിടിച്ചുനിര്‍ത്താന്‍ കഴിയും എന്നാണദ്ദേഹം വിചാരിക്കുന്നത്.അതേ സമയം കൃഷ്ണന്‍കുട്ടിയും സംഘവും സമാജ് വാദി പാര്‍ട്ടിയില്‍ ലയിച്ചുകൊണ്ട് പുതിയ പാര്‍ട്ടിയായി മാറി മന്ത്രിസഭയില്‍ തുടരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. എന്നാല്‍ അങ്ങനെ പുതിയ പാര്‍ട്ടി രൂപികരിച്ചാല്‍ കൂറമാറ്റ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും എംഎല്‍എ സ്ഥാനമടക്കം നഷ്ടപ്പെടുമെന്നുമുള്ള ഭയവും അവര്‍ക്കുണ്ട്. ഇതെല്ലാം കണ്ടറിഞ്ഞാണ് ഇത്രയും നാള് നിശബ്ദനായിരുന്ന ശ്രേയാംസ് കുമാര്‍ കളിതുടങ്ങിയത്. ബിജെപി മുന്നണിയിലുള്ള ഒരു പാര്‍ട്ടിയുമായി എത്ര നാള് ബാന്ധവം തുടരുമെന്ന കാര്യത്തില്‍ സിപിഎമ്മിന് വലിയ ചിന്താക്കുഴപ്പമുണ്ട്. സര്‍ക്കാരിന് ഇനി രണ്ടുവര്‍ഷം കൂടിയുള്ളു എന്നത്കൊണ്ട് മന്ത്രി സ്ഥാനം കളയുന്ന കാര്യം കെ കൃഷ്ണന്‍കുട്ടിക്ക് ആലോചിക്കാന്‍ കൂടെ വയ്യ.
ശ്രേയാംസ് കുമാര്‍ നിലമറിഞ്ഞ് വിത്തിറക്കാന്‍ ശ്രമിക്കുന്ന കാര്യവും കെ കൃഷ്ണന്‍കുട്ടിക്ക് ബോധ്യമായിട്ടുണ്ട്. എന്നാല്‍ ദേവഗൗഡയുടെ പാര്‍ട്ടിയില്‍ ഇരിക്കുന്ന കാലത്തോളം നിസഹായരാണ് അവര്‍. നേരത്തെ എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി നീതീഷ് കുമാറിന്റെ ജനതാദള്‍ യൂണൈറ്റഡുമായി ലയിച്ച് ഒറ്റപ്പാര്ട്ടിയായാണ് നിലകൊണ്ടിരുന്നത്. എന്നാല്‍ നിതീഷ് ബിജെപിയുടെ കൂടെപ്പോയപ്പോള്‍ അതിനെ എതിര്‍ത്ത് ജനതാദള്‍ യുണൈറ്റഡ് വിട്ടിറങ്ങിയ ശരത് യാദവും സംഘവും ലോക് താന്ത്രിക്ക് ജനതാദള്‍ എന്ന പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ വീരേന്ദ്രകുമാര്‍ അതില്‍ ചേര്‍ന്നു. പിന്നീട് ശരത് യാദവ് വീണ്ടും ജനതാദള്‍ യു വില്‍ ലയിച്ചപ്പോഴാണ് ശ്രേയാംസ് കുമാര്‍ രാഷ്ട്രീയ ജനതാദളിലേക്ക് മാറിയത്.സമാജ് വാദി പാര്‍ട്ടിയുടെ ഭാഗമാകാന്‍ കൊണ്ടുപിടിച്ച ശ്രമം കൃഷ്ണന്‍കുട്ടിയും മാത്യു ടിതോമസും നടത്തുകയാണ്. എന്നാല്‍ ആ പാര്‍ട്ടിയുടെ പ്രമുഖ നേതാവായ മുന്‍ മന്ത്രി സികെ നാണു അതിനെ എതിര്‍ക്കുകയാണ്. നാണു ദേവഗൗഡപക്ഷത്ത് നില്‍ക്കുന്നത് കൊണ്ട് സമാജ് വാദി പാര്‍ട്ടിയില്‍ ലയിച്ചാല്‍ ജനതാദള്‍ എസില്‍ പിളര്‍പ്പ് ഉറപ്പാണ്.
കേരളത്തിലെ ജനതാള്‍ ഗ്രൂപ്പുകൾ എന്നത് പഴയ ജനതാപാര്‍ട്ടിയുടെ പിന്‍ഗാമികളാണ്. ഇതില്‍ കെ കൃ്ഷ്ണന്കുട്ടി, സികെ നാണു തുടങ്ങിയവര്‍ 1969 ല്‍ കോണ്‍ഗ്രസ് പിളര്ന്നപ്പോളുണ്ടായ സംഘടനാകോണ്ഗ്രസിലെ നേതാക്കളായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് സംഘടനാകോണ്‍ഗ്രസ് ജനതാപാര്‍ട്ടിയില്‍ ലയിച്ചപ്പോള്‍ അതിന്റെ ഭാഗമായി ഈ പാര്ട്ടിയിലെത്തിയവരാണവര്. എന്നാല്‍ വീരേന്ദ്രകുമാര്‍, കെ ചന്ദ്രശേഖരന് തുടങ്ങിയവര്‍ പഴയ സോഷ്യിലിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളായിരുന്നു. അതുകൊണ്ട് ജനതാപാര്‍ട്ടിയിലും ജനതാദളിലുമൊക്കെ എത്തിയപ്പോഴും ഇവര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒരു തുടര്‍ക്കഥയായിരുന്നു. ഏതായാലും ഒരു കാര്യം ഉറപ്പാണ്. കേരളത്തിലെ ജനതാദള്‍ ഗ്രൂപ്പുകള്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. ഇപ്പോഴത്തെ നേതൃത്വം പിന്‍വാങ്ങിക്കഴിഞ്ഞാല്‍ നേതാക്കന്മ്മാര് എന്ന് വിളിക്കാന്‍ പോലും കഴിയുന്നവര്‍ ഈ രണ്ടുപാര്‍ട്ടികളിലും ഇല്ല. അതുകൊണ്ട് ഈ പാര്‍ട്ടികളുടെ മുന്നോട്ടുള്ള പോക്കും അനിശ്ചിതത്വം നിറഞ്ഞതാണ്