കൊച്ചി : വിദേശത്ത് നിന്നും 592.54 കോടി രൂപ അനധികൃതമായി സ്വീകരിച്ചതുള്‍പ്പെടെ ശ്രീ ഗോകുലം ചിറ്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡ് ഫെമ ചട്ടങ്ങള്‍ ലംഘിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ശ്രീ ഗോകുലം ഗ്രൂപ്പിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 1.5 കോടി രൂപ കണ്ടുകെട്ടിയെന്ന അറിച്ചുകൊണ്ടുള്ള പത്രകുറിപ്പിലാണ് ഇ ഡി ക്രമക്കേടുകള്‍ വിവരിക്കുന്നത്. എംപുരാന് വിവാദങ്ങള്‍ക്കിടെയാണ് സഹ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളിലെ ഇ ഡി പരിശോധന.
ശ്രീ ഗോകുലം ചിറ്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡിന്റെ കോഴിക്കോടുള്ള ഓഫീസിലും ചെന്നൈയിലെ രണ്ട് ഓഫീസുകളിലുമായിരുന്നു പരിശോധന നടന്നത്. 1999 ലെ ഫെമ നിമയത്തിന്റെ ലംഘനം നടത്തിയതിന് 1.50 കോടി രൂപയും രേഖകളും പിടിച്ചെടുത്തു എന്ന് അന്വേഷണ ഏജന്‍സി എക്സില്‍ അറിയിച്ചു. പിടിച്ചെടുത്ത പണത്തിന്റെ ചിത്രം ഉള്‍പ്പെടെയാണ് ഇ ഡി വിവരങ്ങള്‍ പങ്കുവച്ചത്.
ഇതിന് പുറമെ ശ്രീ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ഇന്ത്യയ്ക്ക് പുറത്തുള്ളവരില്‍ നിന്ന് 592.54 കോടി രൂപ സ്വരൂപിച്ചെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. 371.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും കമ്പനിയിലേക്ക് എത്തി. ഇത്തരത്തില്‍ ഇന്ത്യയ്ക്ക് പുറത്തുള്ളവരില്‍ നിന്നും ഗണ്യമായ തുക സ്വീകരിക്കുന്നത് 1999 ലെ ഫെമ നിയമത്തിന്റെ സെക്ഷന്‍ 3(ബി)യുടെ ലംഘനമാണെന്നും ഇ ഇ ഡി പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ഗോകുലം ചിട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇ ഡിയുടെ പരിശോധനയെന്നായിരുന്നു വിശദീകരണം. 2022ല്‍ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നും ഇ ഡി വൃത്തങ്ങള്‍ അറിയിച്ചു. എംപുരാന് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി റെയ്ഡിനെ ബന്ധിപ്പിക്കരുതെന്നും ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. എംപുരാന് സിനിമ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് റെയ്ഡ് എന്ന് വ്യാപക പ്രചാരണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇ ഡിയുടെ വിശദീകരണം.