കൊച്ചി : കാഞ്ഞിരപ്പിള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തിൽ ഇടപെടൽ തേടി മാതാപിതാക്കൾ ഗവർണറെ കാണും. പ്രശ്നത്തിന്റെ കാരണക്കാർ സുരക്ഷിതരായി കോളജിലുണ്ട് . തങ്ങള്‍ പ്രധാനമായി പരാതി ഉന്നയിക്കുന്നത് ആര്‍ക്കെല്ലാം എതിരെയാണോ അവരെയൊന്നും ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടുപോലുമില്ലെന്ന് പി സതീഷ് കുറ്റപ്പെടുത്തി. ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ചവരെ കണ്ടെത്താനോ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ പൊലീസ് തയാറായില്ലെന്നും പിതാവ് ആരോപിച്ചു.
മന്ത്രിതല സമിതിയും, കെടിയു അധികൃതരും സന്ദർശനം നടത്തുന്നതിൽ തെറ്റില്ല, എന്നാൽ കുട്ടിക്ക് നീതി കിട്ടണമെന്ന് പിതാവ് പറഞ്ഞു.‘അന്ന് ക്യാബിനിലേക്ക് വിളിച്ച് വരുത്തി കുട്ടിയോട് എന്തോ പറഞ്ഞ് മാനസികമായി പീഡിപ്പിച്ചു. അതെന്താണെന്ന് ഞങ്ങൾക്കറിയണം. ഫോൺ മേടിച്ചതിൽ അവൾക്ക് പ്രശ്നമൊന്നുമില്ല. പക്ഷേ അതിന് ശേഷം പറഞ്ഞ കാര്യങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. അല്ലാതെ മറ്റ് കാരണങ്ങളൊന്നും ഇല്ല’- പിതാവ് പറഞ്ഞു.മകളെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് കോളജ് മാനേജ്മെന്റ് തന്നെ അറിയിച്ചതെന്ന് സതീഷ് പറഞ്ഞു. മാനേജ്മെന്റിന്റെ സമീപനം മോശമായിരുന്നു. മകളെ കോളജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചു. മകള്‍ മരിച്ചതിന് ശേഷം കോളജില്‍ നിന്ന് തന്നെ ആരും ബന്ധപ്പെട്ടതുപോലുമില്ല. മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി കരുതുന്നുവെന്ന് പി സതീഷ് പറഞ്ഞു.