കാഞ്ഞിരപ്പള്ളി : അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവത്തിൽ കോളജ് മാനേജ്മെന്റ്, വിദ്യാർഥി പ്രതിനിധികൾ എന്നിവരുമായി മന്ത്രിമാരായ ആർ.ബിന്ദുവും വി.എൻ.വാസവനും ഇന്നു ചർച്ച നടത്തും. രാവിലെ 10നു കാഞ്ഞിരപ്പള്ളിയിലാണു ചർച്ച.
വിദ്യാർഥിനി ജീവനൊടുക്കാനുള്ള കാരണങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് നിർദേശിച്ചു. ഇതിനായി സിൻഡിക്കറ്റംഗം പ്രഫ. ജി.സഞ്ജീവ്, ഡീൻ അക്കാദമിക് ഡോ.വിനു തോമസ് എന്നിവർ ഇന്നു കോളജിലെത്തും. സംസ്ഥാന യുവജന കമ്മിഷൻ സംഭവത്തിൽ കേസെടുത്ത് ജില്ലാ പൊലീസ് മേധാവിയോടു റിപ്പോർട്ട് തേടി.
വിദ്യാർഥി സമരത്തിനു പരിഹാരം കാണാൻ ഗവ. ചീഫ് വിപ് എൻ.ജയരാജ്, ഡിവൈഎസ്പി എം.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ കോളജിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു . ചർച്ചയ്ക്കു ശേഷം പുറത്തു വന്ന ജയരാജിനെ വിദ്യാർഥികൾ തടഞ്ഞു. പൊലീസും വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടായി. അധ്യാപകർക്കും ജീവനക്കാർക്കും പുറത്തിറങ്ങാൻ കഴിയാത്ത വിധം കോളജ് കവാടങ്ങൾ അടച്ച് വിദ്യാർഥികൾ ഒരു മണിക്കൂറോളം സമരം നടത്തി.
കോളജിലെ ഫുഡ് ടെക്നോളജി വിഭാഗം രണ്ടാം വർഷ വിദ്യാർഥിയായഎറണാകുളം തിരുവാങ്കുളം സ്വദേശി ശ്രദ്ധയെ (20) കഴിഞ്ഞ വെള്ളിയാഴ്ചയാണു ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് ശ്രദ്ധയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. ജൂൺ ഒന്നിനു രാവിലെ കോളജിലേക്കു പോയ ശ്രദ്ധ അന്നു രാത്രിയും പിറ്റേന്ന് രാവിലെയും വീട്ടിലേക്ക് വിളിച്ചിരുന്നതായി പിതാവ് പൊലീസിനോടു പറഞ്ഞു. ഉച്ചയ്ക്ക് വകുപ്പു മേധാവിയുടെ മുറിയിൽ കയറുന്നതുവരെ ശ്രദ്ധ സന്തോഷവതി ആയിരുന്നുവെന്നു കൂട്ടുകാരികൾ പറഞ്ഞതായും പിതാവ് മൊഴി നൽകി.