കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി ആർ ബിന്ദു. എസ് പിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആയിരിക്കും അന്വേഷിക്കുക. വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചു. തിങ്കളാഴ്ച കോളജ് തുറക്കും. മന്ത്രിമാരായ ആര്.ബിന്ദുവും വി.എന്‍.വാസവനും ചീഫ് വിപ് എൻ. ജയരാജും കോളജിലെത്തി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.ആദ്യം വിദ്യാർഥികളുമായി ചർച്ച നടത്തിയ ശേഷമാണ് മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ച നടത്തിയത്.
വിദ്യാർഥികളുടെ പരാതി പരിഹാര സെൽ പരിഷ്കരിക്കും. ഹോസ്റ്റലിലെ ചീഫ് വാർഡനായി പ്രവർത്തിക്കുന്ന മായ സിസ്റ്ററെ മാറ്റി നിർത്തി മറ്റൊരു സിസ്റ്റർക്ക് താത്ക്കാലിക ചുമതല നൽകണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടതു പ്രകാരം ഹോസ്റ്റല്‍ വാര്‍ഡനെ മാറ്റും. താത്ക്കാലികമായി ചുമതല മറ്റൊരാൾക്ക് നൽകും. സമരത്തിൽ പങ്കെടുത്തതിന് വിദ്യാർഥികൾക്കെതിരെ അച്ചടക്കനടപടികൾ ഉണ്ടാകില്ല. പൊലീസ് നടപടികളിൽ വിദ്യാര്‍ഥികളും മാനേജ്മെന്റും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും കൂടുതൽ ഉന്നതതല ഉദ്യോഗസ്ഥർ കോളജിലെത്തി അന്വേഷണം നടത്തുമെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു.വിദ്യാർഥിനി ജീവനൊടുക്കാനുള്ള കാരണങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് നിർദേശിച്ചു. ഇതിനായി സിൻഡിക്കറ്റംഗം പ്രഫ. ജി.സഞ്ജീവ്, ഡീൻ അക്കാദമിക് ഡോ.വിനു തോമസ് എന്നിവർ ഇന്നു കോളജിലെത്തും. സംസ്ഥാന യുവജന കമ്മിഷൻ സംഭവത്തിൽ കേസെടുത്ത് ജില്ലാ പൊലീസ് മേധാവിയോടു റിപ്പോർട്ട് തേടി.
അതേസമയം, ശ്രദ്ധ ജീവനൊടുക്കാൻ കാരണം അദ്ധ്യാപകരുടെ മാനസിക പീഡനമാണെന്നും തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിൽ കോളേജ് അധികൃതർ മന:പൂർവം വീഴ്ച വരുത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിച്ചത് കണ്ടുപിടിച്ചതിന്റെ വിഷമത്തിലാകാം ശ്രദ്ധ ആത്മഹത്യ ചെയ്തതെന്നാണ് കോളേജ് അധികൃതർ നൽകുന്ന വിശദീകരണം.