വയനാട് : സാനിറ്റൈസര്‍ നിര്‍മ്മാണത്തിന്റെ മറവില്‍ സ്പിരിറ്റ് കടത്തി കേസിലെ പ്രതി പിടിയില്‍. മലപ്പുറം കൊണ്ടോട്ടി പുളിയഞ്ചാലി പി.സി. അജ്മലാണ് പിടിയിലായത്. മുത്തങ്ങ ചെക്പോസ്റ്റ് വഴി 11034.400 ലിറ്റര്‍ സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന കേസിലെ പ്രതിയായ ഇയാളെ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്.
2021 മെയ് മാസം ആറാം തീയതിയാണ് സ്ക്വാഡ് സി ഐ ആയിരുന്ന സജിത്ത് ചന്ദ്രനും പാര്‍ട്ടിയും പൊന്‍കുഴി ഭാഗത്ത് നടത്തിയ പരിശോധനയില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ 52 ബാരലുകളിലായി ഉണ്ടായിരുന്ന സ്പിരിറ്റ് കണ്ടെടുത്തത്. സുല്‍ത്താന്‍ ബത്തേരി റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മലപ്പുറം ജില്ലയിലെ അഴിഞ്ഞിലം കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വി എ ബി കോസ്മെറ്റിക്സ് എന്ന സ്ഥാപനത്തിന്റെ സാനിറ്റൈസര്‍ നിര്‍മ്മാണത്തിന്റെ മറവില്‍ കടത്തിക്കൊണ്ടുവന്ന സ്പിരിറ്റ് ആയിരുന്നു പിടികൂടിയത്
എന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
സ്ഥാപനത്തിന്റെ പാര്‍ട്ട്ണര്‍മാരായ ഒന്നാം പ്രതി മുഹമ്മദ് ബഷീറും രണ്ടാം പ്രതി അജ്മലും നേരിട്ട് ഇടപ്പെട്ടാണ് സ്പിരിറ്റ് ലഭ്യമാക്കിയതെന്നും കണ്ടെത്തിയിരുന്നു. ഈ സ്ഥാപനത്തിന്റെ മറ്റൊരു പാര്‍ട്ണറായ വാഹിദ് എന്നയാള്‍ ദീര്‍ഘകാലമായി വിദേശത്ത് ജോലി ചെയ്തുവരുകയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.