തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്കും കാറിനും വേഗപരിധി ഉയർത്തി. അതേസമയം ഇരു ചക്രവാഹനങ്ങളുടേത് 70 കിലോ മീറ്ററിൽ നിന്ന് 60 ആയി കുറച്ചു. അപകടത്തിൽപെടുന്നതിൽ ഏറെയും ഇരുചക്ര വാഹനങ്ങളായതിനാലാണ് നിയന്ത്രണം. ജൂലായ് ഒന്നു മുതൽ നിലവിൽവരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി 50 കിലോമീറ്ററായി തുടരും.
എ.ഐ ക്യാമറകൾ പ്രവർത്തന സജ്ജമായതോടെയാണ് വേഗപരിധി പുതുക്കിയത്. 2014ൽ നിശ്ചയിച്ച വേഗപരിധിയാണ് സംസ്ഥാനത്ത് നിലവിൽ. ഇതിന് ശേഷം കേന്ദ്രം വേഗപരിധി ഉയർത്തിയിരുന്നു. സംസ്ഥാനത്ത് ആറുവരി ദേശീയപാതകളുടെ വേഗം നിശ്ചയിച്ചിരുന്നില്ല. അതും ഉൾക്കൊള്ളിച്ചിട്ടുണ്ട്.ഗതാഗത മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, അഡി. ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ തുടങ്ങിയവർ യോഗം ചേർന്നാണ് തീരുമാനമെടുത്തത്.
പുതുക്കിയ വേഗപരിധി
(നിലവിലേത് ബ്രാക്കറ്റിൽ)
1. ഒമ്പതു സീറ്റുവരെ (കാർ ഉൾപ്പെടെ)
ആറുവരി ദേശീയ പാതയിൽ 110 കിലോമീറ്റർ
നാലുവരി ദേശീയ പാതയിൽ 100 (90)
എം.സി റോഡ്, നാലുവരി സംസ്ഥാന പാത 90 (85)
മറ്റ് സംസ്ഥാനപാതകളിലും ജില്ലാ റോഡുകളിലും 80 (80)
മറ്റു റോഡുകളിൽ 70 (70), നഗര റോഡുകളിൽ 50 (50)
2. ഒമ്പത് സീറ്റിനു മുകളിലുള്ള വാഹനങ്ങൾ
ആറുവരി ദേശീയ പാതയിൽ 95 കിലോമീറ്റർ
നാലുവരി ദേശീയ പാതയിൽ 90 (70)
എം.സി. റോഡ്, നാലുവരി സംസ്ഥാന പാത 85 (65)
മറ്റ് സംസ്ഥാനപാതകൾ, ജില്ലാ റോഡുകൾ 80 (65)
മറ്റ് റോഡുകളിൽ 70 (60),നഗര റോഡുകളിൽ 50 (50)
3. ലൈറ്റ് മീഡിയം, ഹെവി ചരക്ക് വാഹനങ്ങൾ
ആറുവരി, നാലുവരി ദേശീയപാതകളിൽ 80 (70)
മറ്റ് ദേശീയപാതകൾ, നാലുവരി സംസ്ഥാന പാത 70 (65)
മറ്റ് സംസ്ഥാനപാതകളിലും ജില്ലാ റോഡുകളിലും 65 (60)
മറ്റ് റോഡുകളിൽ 60 (60), നഗര റോഡുകളിൽ 50 (50)