ന്യൂഡൽഹി : പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്, രാജ്യത്തിന്റെ പേര് ഭാരതമെന്നാക്കാൻ പ്രമേയം തുടങ്ങിയ അഭ്യൂഹങ്ങൾക്കിടെയാണ് സമ്മേളനം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും കമ്മിഷണർമാരുടെയും നിയമന ബില്ലിൽ ചർച്ചയുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്രം മൗനത്തിലാണ്. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയുളള സെലക്ഷൻ കമ്മിറ്റിയാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്. ബിൽ നേരത്തേ രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു.
നാളെ പുതിയ മന്ദിരത്തിലേക്ക്
വിനായക ചതുർത്ഥി ദിനമായ നാളെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനം. പുതിയ മന്ദിരത്തിന് മുന്നിൽ ഇന്നലെ ഉപരാഷ്ട്രപതിയും, രാജ്യസഭാ അദ്ധ്യക്ഷനുമായ ജഗ്ദീപ് ധൻകർ പതാക ഉയർത്തി. ഇന്ന് പഴയ മന്ദിരത്തിൽ ഇരുസഭകളിലും ‘ 75 വർഷത്തെ പാർലമെന്റിന്റെ യാത്ര’ ചർച്ചയാകും. പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ സംസാരിക്കും. കേന്ദ്രമന്ത്രി പീയുഷ് ഗോയൽ രാജ്യസഭയിൽ ചർച്ചയ്ക്ക് തുടക്കമിടും. നാളെ സെൻട്രൽ ഹാളിൽ സംയുക്ത സമ്മേളനം. അതിന് ശേഷം പുതിയ മന്ദിരത്തിലേക്ക്. സാമാജികരുടെ ഫോട്ടോ സെഷനും നാളെയാണെന്നാണ് അറിയുന്നത്.
എട്ട് ബില്ലുകൾ ; വനിത ബിൽ പാസാക്കണമെന്ന് ആവശ്യം
പുതിയ മന്ദിരത്തിൽ ആദ്യം പാസാക്കുന്നത് വനിതാ ബില്ലായിരിക്കണമെന്ന് കോൺഗ്രസ് അടക്കം പ്രതിപക്ഷം ഇന്നലെ സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. ഭരണപക്ഷത്തെ എൻ.സി.പിയിലെ അജിത് പവാർ പക്ഷവും ചില പ്രാദേശിക പാർട്ടികളും അനുകൂലിച്ചെന്നാണ് റിപ്പോർട്ട്. പാർലമെന്റിലും നിയമസഭയിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യുന്നതാണ് ബിൽ. അഭിഭാഷക ഭേദഗതി നിയമം, പോസ്റ്റ് ഓഫീസ് ബിൽ തുടങ്ങി എട്ട് ബില്ലുകൾ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. ചൈനയുടെ കടന്നുകയറ്റം, അദാനി വിഷയം, വിലക്കയറ്റം, മണിപ്പൂർ കലാപം എന്നിവയിൽ ചർച്ച പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.