പത്തനംതിട്ട: ശബരിമലയിൽ കുട്ടികൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സ്പെഷ്യൽ ഓഫീസറും കൊച്ചി ഡി.സി.പിയുമായ കെ.എസ് സുദർശൻ. സ്കൂൾ അവധിക്കാലത്ത് കൂടുതൽ കുട്ടികൾ എത്തുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. 10 ഇൻസ്പെക്ടർമാർക്ക് കീഴിൽ 1400ൽ കൂടുതൽ പൊലീസുകാരെയാണ് ശബരിമലയിലും പരിസരത്തും വിന്യസിച്ചിരിക്കുന്നത്.
വലിയ നടപ്പന്തലിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തും പ്രത്യേക സൗകര്യങ്ങളുണ്ട്. അതിനിടയിലുള്ള കുറച്ച് സ്ഥലത്ത് ക്യൂ ഏർപ്പെടുത്താൻ ബുദ്ധിമുട്ടുണ്ട്. അവിടെ സ്ത്രീകളെയും കുട്ടികളെയും പ്രത്യേകം കയറ്റിവിടാൻ പൊലീസുകാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഡി.സി.പി പറഞ്ഞു. പൊലീസുകാർ 15 മണിക്കൂറോളമാണ് ശബരിമലയിൽ ജോലി ചെയ്യുന്നത്. സന്നിധാനത്തെ ഡ്യൂട്ടി ഒരു സേവനമായാണ് പൊലീസുകാർ കാണുന്നത്. നിശ്ചിത ഇടവേളകളിൽ പൊലീസുകാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നുണ്ടെന്നും ഡി.സി.പി പറഞ്ഞു.