കൊച്ചി : റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി. റാഗിങ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി (കെല്‍സ)യാണ് പ്രശ്നം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംസ്ഥാന, ജില്ലാ തല മോണിറ്ററിങ്ങ് കമ്മിറ്റികളും പരാതി പരിഹാര സെല്ലുകളും സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് കെല്‍സ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ്ങ് കേസുകള്‍ വര്‍ധിക്കുകയാണ്. സംസ്ഥാന, ജില്ലാ തലങ്ങളില്‍ ശക്തമായതും ഘടനാപരവുമായ നിരീക്ഷണ സംവിധാനത്തിലൂടെ നിലവിലുള്ള റാഗിങ്ങ് വിരുദ്ധ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
നാളെ വേറൊരു ബെഞ്ച് ഹര്‍ജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. റാഗിങ് കേസുകള്‍ കേള്‍ക്കാനായി പ്രത്യേക ബെഞ്ച് രൂപീകരിക്കും. പ്രത്യേക ബെഞ്ചിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. റാഗിങ് കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന ഹര്‍ജിയിലെ ആക്ഷേപത്തില്‍, സര്‍ക്കാരിനോട് മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.