കണ്ണൂർ : മിത്ത് വിവാദത്തിൽ പെട്ടിരിക്കുന്നതിനിടെ, സ്വന്തം മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിലെ കുളം നവീകരിക്കാൻ ഫണ്ട് അനുവദിച്ച് സ്പീക്കർ എ.എൻ. ഷംസീർ. തലശേരി കോടിയേരി കാരാൽതെരുവ് ഗണപതി ക്ഷേത്രത്തിലെ കുളം നവീകരിക്കാൻ 64 ലക്ഷം രൂപ നൽകുന്നതിന് ഭരണാനുമതി ലഭിച്ചതായി ഷംസീർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ക്ഷേത്രത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പങ്കുവച്ചാണ് ഷംസീർ ഇക്കാര്യം അറിയിച്ചത്. പഴമയുടെ പ്രൗഢി നിലനിർത്തികൊണ്ട് കുളം മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും സെപ്റ്റംബറോടെ ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുമെന്നും ഷംസീർ അറിയിച്ചു.
സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ മണ്ഡത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 64 ലക്ഷം രൂപ അനുവദിച്ച സംഭവത്തില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. ‘മിത്തിനെ മുത്താക്കാന്‍’ എന്തിനാണ് ലക്ഷങ്ങള്‍ എന്നും ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനമെന്നും വി മുരളീധരന് ഫെയ്സ്ബുക്കില്‍ ചോദിച്ചു.
‘സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ മണ്ഡത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ ഭരണാനുമതി”മിത്തിനെ മുത്താക്കാന്‍ ‘ എന്തിന് ലക്ഷങ്ങള്‍ ഷംസീറേ? ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനം? ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാന്‍, ഹൈന്ദവ ആചാരങ്ങളെയും, വിശ്വാസങ്ങളെയും ചവിട്ടി മെതിയ്ക്കും. വിശ്വാസികള്‍ ശബ്ദമുയര്‍ത്തിയാല്‍ കേസെടുക്കും. സമുദായ സംഘടനകളടക്കം ഹൈന്ദവ സമൂഹം ഒരു തിരുത്ത് ആവശ്യപ്പെട്ട് തെരുവില്‍ ഉണ്ട്. കുളം കലക്കുന്ന സമീപനവും, അവസരവാദ നാടകവും സിപിഎം ആദ്യം അവസാനിപ്പിക്കട്ടെ.’ മുരളീധരന് പോസ്റ്റില്‍ കുറിച്ചു.