മലപ്പുറം: സയന്‍സിനെ പ്രോത്സാഹിപ്പിക്കേണ്ടത് ആധുനിക ഇന്ത്യയില്‍ ഏറ്റവും അനിവാര്യമായ കാര്യമാണെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. അത് മതവിശ്വാസത്തെ തള്ളിപ്പറയലല്ലെന്നും ഷംസീര്‍ പറഞ്ഞു.മലപ്പുറത്ത് സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രം സത്യമാണെന്നും ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കാൻ നമുക്ക് കഴിയണമെന്നും ഷംസീർ പറഞ്ഞു.ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുകയാണ് പുതു തലമുറയുടെ ദൗത്യം. നമ്മുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ചെറുത്തുതോല്‍പ്പിക്കണം സ്പീക്കര്‍ പറഞ്ഞു.ശക്തനായ മതനിരപേക്ഷകന്‍ ആകുക എന്നതാണ് ആധുനിക കേരളത്തിനു വേണ്ടി നാം എടുക്കേണ്ട പ്രതിജ്ഞ.റംസാന് നോമ്പു തുറക്കാന്‍ മുസ്ലിം സഹോദരങ്ങൾ എല്ലാവരെയും ക്ഷണിക്കുന്നു. ഓണം വരുമ്പോൾ ഹൈന്ദവര്‍ മറ്റു മതസ്ഥരെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന നാടാണ് കേരളം. വൈകിട്ട് ബാങ്ക് വിളിക്കുന്നത് കേട്ട് സന്ധ്യാദീപം കൊളുത്താനുള്ള സമയമായെന്ന് ഓർക്കുന്നവരുടെ നാടാണിത്. മനുഷ്യരെ സ്നേഹിക്കുന്നവരാണ് നമ്മൾ എന്ന് പറയാൻ കഴിയണം. കുട്ടികളെ ചരിത്ര സത്യം പഠിപ്പിക്കണമെന്നും ഷംസീർ പറഞ്ഞു.
ഉത്തരേന്ത്യയില്‍ നിന്ന് അടുത്തിടെ കേള്‍ക്കുന്നതെല്ലാം കരളലിയിക്കുന്ന വാര്‍ത്തകളാണ്. എന്നാല്‍ കേരളം മതനിരപേക്ഷതയുടെ മണ്ണാണ്. എല്ലാ മതവിശ്വാസികളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നാടാണ് കേരളം. ആ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ സാധിക്കണം.നമ്മുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് ഓരോ കുട്ടിയും നടത്തേണ്ടത്- ഷംസീര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ സ്പീക്കര്‍ ഗണപതിക്കെതിരെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഗണപതിയും പുഷ്പക വിമാനവുമെല്ലാം മിത്തുകളാണെന്നായിരുന്നു പരാമര്‍ശം.