റോട്ടർഡാം : ലൂക്കാ മോഡ്രിച്ചിന്റെ കരിയറിൽ നിന്നും അന്താരാഷ്ട്ര കിരീടങ്ങൾ അകറ്റിനിർത്തി സ്പെയിൻ യുവേഫാ നേഷൻസ് ലീഗ് ജേതാക്കളായി. പൊരുതിക്കളിച്ച ക്രൊയേഷ്യയെ ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് സ്പെയ്ൻ(5–-4) യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ജേതാക്കളായത് . ഇതോടെ 2018 ലെ ലോകകപ്പിൽ ഫൈനലിലും 2022 ലോകകപ്പിൽ സെമിയിലും വീണ ക്രൊയേഷ്യക്ക് വമ്പൻ ടൂര്‍ണമെന്റുകളിലെ നിർണായക മത്സരങ്ങളിൽ കാലിടറുന്ന പതിവ് തിരുത്താനായില്ല.
നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകൾക്കും ഗോളടിക്കാനായില്ല. ഷൂട്ടൗട്ടിൽ ലവ്റോ മയറിന്റെയും പെറ്റ്കോവിച്ചിന്റെയും കിക്കുകൾ സ്പാനിഷ് ഗോളി ഉനായ് സിമോൺ രക്ഷപ്പെടുത്തി. സ്പാനിഷ് താരം ലപോർട്ടയുടെ കിക്ക് പാഴായി. വേഗമേറിയ കളിയിൽ ഇരു ടീമുകൾക്കും അവസരം ലഭിച്ചു. ഇവാൻ പെരിസിച്ചിന്റെ ഹെഡ്ഡർ രണ്ട് തവണ സ്പാനിഷ് ഗോൾമുഖം വിറപ്പിച്ചു. മറുഭാഗത്ത് ജോർഡി ആൽബയുടെ ക്രോസിന് തലവെച്ച് മാർകോ അസെൻസിയോ ക്രൊയേഷ്യയെ ഞെട്ടിച്ചു.
പകരക്കാരനായി ഇറങ്ങിയ ആൻസു ഫാറ്റി സ്പെയ്നിനെ മുന്നിലെത്തിച്ചെന്ന് കരുതിയതാണ്. എന്നാൽ ഗോളിലേക്ക് നീങ്ങിയ പന്ത് പെരിസിച്ച് തട്ടിയകറ്റി. അധികസമയത്ത് ക്രൊയേഷ്യയുടെ ലവ്റോ മയർക്ക് കിട്ടിയ അവസരം സ്പാനിഷ് പ്രതിരോധം നിഷ്ഫലമാക്കി. മറുപടിയായി ആൻസുഫാറ്റി തൊടുത്തെങ്കിലും ഗോളായില്ല. അഞ്ച് ഗോൾ വീണ ആവേശക്കളിയിൽ നെതർലൻഡ്സിനെ തോൽപ്പിച്ച് ഇറ്റലി മൂന്നാംസ്ഥാനക്കാരായി. ലൂസേഴ്സ് ഫൈനലിൽ 3–-2നാണ് അസൂറികളുടെ ജയം.