സിഡ്നി : വനിതാ ഫുട്ബോളില്‍ പുതിയ ലോക ചാമ്പ്യന്‍ പിറന്നു. സ്പെയിന് ലോക കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ ഇംഗ്ലണ്ടിനെ മറുപടിയില്ലാത്ത ഒറ്റ ഗോളിനു വീഴ്ത്തിയാണ് സ്പാനിഷ് സംഘം കിരീടമുയര്‍ത്തിയത്.
29ാം മിനിറ്റില്‍ ഓള്‍ഗ കര്‍മോനയാണ് സ്പെയിനിന്റെ വിജയ ഗോള്‍ വലയിലാക്കിയത്. പിന്നീട് ഇരു പക്ഷത്തും ഗോള്‍ പിറന്നില്ല.
കളിയുടെ എല്ലാ വശത്തും നേരിയ മുന്‍തൂക്കം സ്പെയിനിനു തന്നെയായിരുന്നു. പന്തടക്കത്തിലും പാസിങ്ങിലും അവസരങ്ങളൊരുക്കുന്നതിലും അവര്‍ തന്നെ മുന്നില്‍ നിന്നു. ഇഗ്ലണ്ടിന്റെ ഗോള്‍ ശ്രമങ്ങളെല്ലാം ഫലപ്രദമായി തടുക്കാന്‍ അവര്‍ക്കു സാധിച്ചു.
സ്പെയിനിന്റെ വനിതാ വിഭാഗത്തിലെ കന്നി കിരീടമാണിത്. ഇംഗ്ലണ്ടും ആദ്യ കിരീടം സ്വപ്നം കണ്ടാണ് ഇറങ്ങിയത്. പക്ഷേ അവര്‍ കാത്തിരിക്കണം.
1966ല്‍ പുരുഷ ടീം കിരീടം നേടിയ ശേഷം 57 വര്‍ഷമായി ലോക കിരീടം കിട്ടാക്കനിയായി നില്‍ക്കുകയാണ് ഇംഗ്ലണ്ടിനു. ഇത്തവണ അതിനു മാറ്റം വരുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും വനിതകള്‍ അവസാന ഘട്ടത്തില്‍ പൊരുതി വീണു.