തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരിത്രം കുറിക്കാന്‍ കപ്പല്‍ ഭീമനെത്തുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പല്‍ എം.എസ്.സി ക്ലോഡ് ജിറാൾറ്റാണ് തുറമുഖത്തെത്തുന്നത്. കപ്പല്‍ 13ന് വൈകിട്ടോടെ വിഴിഞ്ഞം ബെര്‍ത്തില്‍ അടുക്കുമെന്നാണ് സൂചന. 399 മീറ്റര്‍ നീളവും 61.5 മീറ്റര്‍ വീതിയുമുള്ള കപ്പലിന് 24,116 ടി.ഇ.യു കണ്ടെയ്നര്‍ ശേഷിയുണ്ട്. ഇന്ത്യയിലും ദക്ഷിണേഷ്യയിലും ബെര്‍ത്ത് ചെയ്യുന്ന ഏറ്റവും വലിയ കപ്പലായ ഇത് ഇന്ത്യയില്‍ ആദ്യമായാണ് എത്തുന്നത്.മലേഷ്യയിൽനിന്ന് പോർച്ചുഗലിലേക്ക് പോകുന്ന വഴിയേയാണ് കപ്പൽ വിഴിഞ്ഞത്ത് അടുക്കുന്നത്.
കൊളംബോ തുറമുഖത്തടുക്കുന്ന വലിയ കപ്പലുകളായ എവര്‍എയ്സ്, എവര്‍ എല്ലോട്ട് തുടങ്ങിയവയേക്കാള്ക്ലോഡ് ജിറാൾറ്റിന് ശേഷി കൂടുതലാണ്. വിഴിഞ്ഞത്ത് 366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമുള്ള കപ്പലുകളാണ് ഇതുവരെ അടുത്തതില്‍ ഏറ്റവും വലുതായിരുന്നത്. ഇപ്പോള്‍ തുറമുഖത്ത് തുടരുന്ന എം.എസ്.സി കെയ്ലെയാണ് ഇതുവരെ എത്തിയതില്‍ ഏറ്റവും ഡ്രാഫ്റ്റ് കൂടുതലുള്ള കപ്പൽ. ഇതിനേക്കാള്‍ ഡ്രാഫ്റ്റ് കൂടുതലാണ് ക്ലോഡ് ജിറാൾറ്റിന്. ക്ലോഡ് ജിറാൾറ്റിന്റെ ആഴം 16. 7 മീറ്ററാണ്. 600 മീറ്റര്‍ പൂര്‍ത്തിയായ തുറമുഖ ബെര്‍ത്തിലാണ് കപ്പലടുക്കുന്നത്. 200 മീറ്റര്‍ നീളം കൂടിയായാല്‍ ആദ്യഘട്ടത്തിലെ 800 മീറ്റര്‍ ബെര്‍ത്തും പൂര്‍ത്തിയാകും. ഇതോടെ ഒരേ സമയം രണ്ട് ഭീമന് കപ്പലുകള്‍ക്ക് ബെര്ത്തിലടുക്കാനാകും. ഇന്ത്യയിലെ മറ്റ് തുറമുഖങ്ങളില്‍ അടുത്തതില്‍ എം.എസ്.സി അന്നയായിരുന്നു എറ്റവും വലിപ്പമേറിയത്.