മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ബൗളിംഗ് പരിശീലകനായി ദക്ഷിണാഫ്രിക്കയുടെ മുൻ പേസർ മോർണി മോർക്കൽ ചുമതലയേറ്റെടുക്കും. സെപ്റ്റംബര്‍ ഒന്ന് മുതൽ കരാര്‍ ആരംഭിക്കും.ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്. അഭിഷേക് നായരും റിയാന്‍ ടെന്‍ ഡോഷേറ്റും ഇന്ത്യൻ കോച്ചിംഗ് സംഘത്തിലുണ്ട്. ഐപിഎല്ലിൽ ലക്നോ സൂപ്പര്‍ ജയന്റ്സില്‍ ഗംഭീറിന്റെ സഹായിയായിരുന്നു മോര്‍ക്കല്‍.
മോർക്കലും ഗംഭീറും കോൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകനെന്ന നിലയിൽ മോർക്കലിന്റെ ആദ്യ ദൗത്യം ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആയിരിക്കും. ദക്ഷിണാഫ്രിക്കയ്ക്കായി 86 ടെസ്റ്റുകളും 117 ഏകദിനങ്ങളും 44 ടി20 കളും മുൻ പേസർ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ ടീമിന്റെ ബൗളിംഗ് പരിശീലകനായിരുന്നു മോർണി മോർക്കൽ.