ചെന്നൈ: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഒരു വിക്കറ്റിന്റെ ജയം നേടി ദക്ഷിണാഫ്രിക്ക. ഇതോടെ പോയിന്റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. സെമി ഫൈനലിൽ എത്താമെന്ന പാക് പടയുടെ പ്രതീക്ഷ മങ്ങി. പാക്കിസ്ഥാന് മുന്നില്‍വച്ച 271 എന്ന വിജയലക്ഷ്യത്തിലേക്ക് എത്താന്‍ ദക്ഷിണാഫ്രിക്ക ആവുന്നത് ശ്രമിച്ചിട്ടും പാക് പടയുടെ വിക്കറ്റ് വേട്ടയില്‍ അവര്‍ ആദ്യം പതറിയിരുന്നു.
മറുപടി ബാറ്റിംഗിന്റെ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് കാലിടറി. ബാവുമ (24), ഡി കോക്ക് (24), വാന്‍ ഡെ സര് (21), ക്ലാസന് (12), മില്ലര്‍ (29), യാന്സന് (20) തുടങ്ങിയവര്‍ക്കെല്ലാം സ്കോര്‍ ബോര്‍ഡില്‍ വലിയ മാറ്റം സൃഷ്ടിക്കാനായില്ല. 91 പന്തില്‍ 93 റണ്‍സ് നേടിയ മക്രമായിരുന്നു ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസം ഉയര്‍ത്തിയത്. എന്നാല്‍ ഉസാമ മിറിന്റെ പന്തില്‍ മക്രം ഔട്ടായതോടെ പാക് പട വിജയം മുന്നില്‍ കണ്ടു. 250ന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ നില്ക്കുമ്പോള് കോട്സിയും പുറത്തായി. ജയിക്കാന്‍ 21 റണ്‍സ് വേണ്ടപ്പോള്‍ റബാദയെ ക്യാച്ചിലൂടെ ഹാരിസ് റൗഫ് പുറത്താക്കി. അവസാനം ഇറങ്ങിയ മഹാരാജും ഷംസിയും 18 പന്തില്‍ 5 റണ്‍സ് കൂടി മതി വിജയത്തിന് എന്ന നിലയിലെത്തിച്ചപ്പോള്‍ പാക്കിസ്ഥാന് പേസ് ബൗളര്‍മാര്‍ തീര്‍ന്നിരുന്നു.
മഹാരാജ് നവാസിന്റെ പന്ത് ബൗണ്ടറി കടത്തിയതോടെ 48-ാം ഓവറില്‍ ദക്ഷിണാഫ്രിക്ക അത്ഭുത വിജയം സ്വന്തമായി. മൂന്ന് വിക്കറ്റ് നേടിയ ഷഹീന് അഫ്രീദിയുടെ ബൗളിംഗാണ് പാക്കിസ്ഥാന് തിളക്കം നല്‍കിയത്. വാസിം ജൂണിയറും ഉസാമ മിറും രണ്ട് വിക്കറ്റ് വീതവും ഹാരിസ് റഹുഫ് ഒരു വിക്കറ്റും നേടി.ആദ്യം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് തുടക്കത്തില്‍ തന്നെ കാലിടറിയിരുന്നു. ഒന്‍പത് റണ്‍സ് എടുത്ത ഷഫീഖും 12 റണ്‍സ് എടുത്ത ഇമാം ഉള് ഹഖും കളിയുടെ ആരംഭത്തില്‍ തന്നെ പുറത്തായത് പാക് പടയെ ആദ്യം ക്ഷീണിപ്പിച്ചു. ശേഷം അര്‍ധ സെഞ്ചുറി സ്വന്തമാക്കി ബാബര്‍ അസം സ്കോര്‍ ഉയര്‍ത്താന്‍ മുന്നേറ്റം നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല.
ബാബര്‍ അസം 65 പന്തുകളില്‍ നിന്നായി 50 റണ്‍സ് നേടി. ശേഷം വന്ന റിസ്വാന് 31 റണ്‍സും ഇഫ്തിഖാറിന് 21 റണ്‍സും മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇരുവരുടെയും തുടക്കം മികച്ചതായിരുന്നുവെങ്കിലും പിന്നീട് അത് നിലനിര്‍ത്താന്‍ ഇവര്‍ക്കായില്ല.141 റണ്‍സോടെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നില്‍ക്കുമ്പോഴാണ് സൗദ് ഷക്കീലും ഷബദ് ഖാനും ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്തിയത്. 36 പന്തിലായി 43 റണ്‍സാണ് ഷദബ് ഖാന് നേടിയത്. 52 പന്തില്‍ നിന്നായി സൗദ് 52 റണ്‍സ് നേടിയിരുന്നു. മുഹമ്മദ് വസീമിന് വെറും ഏഴ് റണ്‍സാണ് നേടാനായത്. ഹാരിസ് റൗഫിന് റണ്‍സൊന്നും എടുക്കാന്‍ സാധിച്ചില്ല.
46.4 ഓവറായപ്പോഴേയ്ക്കും പാക്കിസ്ഥാന് 270 എന്ന് സ്കോറോടെ ഓള്‍ഔട്ടായി. ദക്ഷിണാഫ്രിക്കയ്ക്കായി നാലു വിക്കറ്റാണ് ഷാംസി നേടിയത്. യാന്സന് മൂന്ന് വിക്കറ്റും കോട്സി രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു.പോയിന്റ് പട്ടികയില്‍ മുന്നിലെത്താന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. അപ്രതീക്ഷിതമായി നെതര്‍ലന്‍ഡ്സിനോട് പരാജയപ്പെട്ടതൊഴിച്ചാല്‍ ദക്ഷിണാഫ്രിക്കയുടെ ആധികാരികതയോടെ 2023 ലോകകപ്പില്‍ ജയം നേടിയ മറ്റൊരു ടീമില്ല. 100 റണ്‍സില്‍ കുറഞ്ഞ ഒരു ജയം പ്രോട്ടീസിനില്ലെന്നതാണ് ശ്രദ്ധേയം. ശ്രീലങ്കയ്ക്കെതിരേ 102, ഓസ്ട്രേലിയയ്ക്കെതിരേ 134, ഇംഗ്ലണ്ടിനെതിരേ 229, ബംഗ്ലാദേശിനെതിരേ 149 എന്നിങ്ങനെയാണ് ദക്ഷിണാഫ്രിക്കന്‍ വിജയ മാര്‍ജിന്‍.