കൊല്‍ക്കത്ത: ലോകകപ്പിലെ രണ്ടാംസെമിയില്‍ ദക്ഷിണാഫ്രിക്ക ഇന്ന് ഓസ്ട്രേലിയയെ നേരിടും. 1999 ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയയോട് തോറ്റതിന്റെ കണക്ക് തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക ഇന്ന് കളിക്കളത്തില്‍ ഇറങ്ങുക.
ഒമ്പത് കളിയില്‍ ഏഴുവീതം ജയമാണ് ഇരുകൂട്ടര്‍ക്കും. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡനില്‍ പകല്‍ രണ്ടിനാണ് മത്സരം. കന്നി ഫൈനലാണ് ആഫ്രിക്കയുടെ ലക്ഷ്യം. ക്യാപ്റ്റന്‍ ടെംബ ബവുമയുടെ പരിക്കാണ് ദക്ഷിണാഫ്രിക്കയെ അലട്ടുന്നത്. ബാറ്റിങ് പരിശീലനം നടത്തിയെങ്കിലും പരിക്കില്‍നിന്ന് പൂര്‍ണമായി മുക്തനായിട്ടില്ലെന്ന് ബവുമ പറഞ്ഞു. ഒമ്പത് കളിയില്‍ 2685 റണ്ണാണ് അവര്‍ അടിച്ചെടുത്തത്. നാല് സെഞ്ചുറിയുടെ അകമ്പടിയോടെ 591 റണ്‍ നേടിയ ഓപ്പണിങ് ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്ക് മികച്ച ഫോമിലാണ്. റണ്‍ പിന്തുടരുന്നതിലെ പോരായ്മയാണ് ആഫ്രിക്കക്കാരെ അലട്ടുന്നത്. ലോകകപ്പിന്റെ തുടക്കത്തില്‍ കണ്ട ഓസീസല്ല ഇപ്പോള്‍. രണ്ട് കളി തോറ്റുതുടങ്ങിയ അവര്‍ തുടര്‍ച്ചയായി ഏഴ് മത്സരം ജയിച്ചാണ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്.