ന്യൂഡല്‍ഹി : കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് മത്സരരംഗത്തുനിന്നു വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.
രാജസ്ഥാനില്‍നിന്ന് സോണിയയെ രാജ്യസഭയിലെത്തിക്കാനാണു കോണ്‍ഗ്രസിന്റെ നീക്കം. സോണിയയുടെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ യോഗം ചേര്‍ന്നു.
രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിത്വത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനകള്‍. നിലവില്‍ റായ്ബറേലിയില്‍നിന്നുള്ള എംപിയാണ് സോണിയ.
അതേസമയം, സോണിയക്ക് പകരമായി മകളും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധി റായ്ബറേലിയില്‍നിന്ന് ലോക്സഭയിലേക്കു മല്‍സരിച്ചേക്കും. കോണ്‍ഗ്രസിന്റെ അടിയുറച്ച സീറ്റാണ് റായ്ബറേലി.