ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനു മുന്നോടിയായി ഒൻപത് ചോദ്യങ്ങൾ ഉന്നയിച്ച് കോണ്ഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേന്ദ്ര-സംസ്ഥാന ബന്ധം, വർഗീയത, മണിപ്പൂർ സ്ഥിതിഗതികൾ, ചൈനയുമായുള്ള അതിർത്തി സംഘർഷം തുടങ്ങി ഒൻപത് വിഷയങ്ങളാണ് സോണിയ ഉന്നയിച്ചിരിക്കുന്നത്.
പ്രത്യേക സമ്മേളനത്തിന് ഒരു അജണ്ടയും പ്രഖ്യാപിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി “പാരന്പര്യങ്ങളെക്കുറിച്ച് ബോധവാനായിരിക്കില്ല’, സമ്മേളനം ആരംഭിച്ചതിനുശേഷം മാത്രമേ സർക്കാർ പ്രതിപക്ഷവുമായി അജണ്ട ചർച്ച ചെയ്യൂ എന്നാണ് അദ്ദേഹം പറഞ്ഞതെന്നും സോണിയ വിമർശിച്ചു. രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾക്കിടെയാണ് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. സമ്മേളനത്തിൽ ഒൻപത് വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.