തിരുവനന്തപുരം : സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സുവര്‍ണ ജൂബിലി മന്ദിര ഉദ്ഘാടന വേദിയില്‍ തന്നെ സ്തുതിച്ചുകൊണ്ടുള്ള പാട്ട് ആസ്വദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സെക്രട്ടേറിയറ്റിലെ നൂറോളം ജീവനക്കാര്‍ ചേര്‍ന്നാണ് വാഴ്ത്തുപാട്ട് ആലപിച്ചത്.
എംപ്ലോയീസ് അസോസിയേഷന് മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോള്‍ സ്റ്റേഡിയത്തില്‍ പാട്ട് ആരംഭിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയപ്പോഴും പാട്ടു തുടര്‍ന്നു. സ്തുതിഗീതം കേട്ടുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടന വേദിയില്‍ കയറിയത്. സ്തുതിഗീതത്തിന്റെ മുക്കാൽ ഭാഗവും പാടിയത് പിണറായി വിജയൻ്റെ സാന്നിധ്യത്തിലായിരുന്നു. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎല്‍എയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സെക്രട്ടേറിയറ്റിലെ ജീവനക്കാരനായ ചിത്രസേനനാണ് പാട്ട് രചിച്ചത്. സംഗീതം നല്‍കിയത് റവന്യൂവകുപ്പിലെ ജീവനക്കാരനായ വിമലാണ്. ചെങ്കൊടിക്ക് കാവലായി ചെങ്കനല്‍ കണക്കൊരാള്‍, ‘സമരധീര സാരഥി പിണറായി വിജയന്, പടയുടെ നടുവില്‍ പടനായകന്’ ‘ഫീനിക്സ് പക്ഷിയായി മാറുവാന്‍ ശക്തമായ ത്യാഗപൂര്‍ണ ജീവിതം വരിച്ചയാൾ തുടങ്ങിയ സ്തുതികളാണ് പാട്ടിലുള്ളത്. വ്യക്തിപൂജയെ എക്കാലത്തും തള്ളിപ്പറഞ്ഞിട്ടുള്ള സിപിഐഎമ്മിന്റ മറ്റൊരു സമ്മേളനകാലത്താണു മുഖ്യമന്ത്രി പിണറായിയെ വ്യക്തിപൂജ ചെയ്തുകൊണ്ടുള്ള സംഘഗാനാലാപനം അരങ്ങേറിയത്. പാട്ടിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തിരുന്നു.