കൊല്ലം: കൊല്ലം മൂന്നാംകുറ്റിയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നു. മങ്ങാട് സ്വദേശി രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അഖിൽ പൊലീസിന്റെ പിടിയിലായി.മൂന്നാം കുറ്റിയിൽ രവീന്ദ്രൻ നടത്തുന്ന ഫാൻസി കടയിൽ വെച്ച് കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം.
കടയിലെത്തിയ അഖിലും പിതാവ് രവീന്ദ്രനും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വാക്കുതർക്കം രൂക്ഷമായി അടിപിടിയും തുടർന്ന് കൊലപാതകത്തിലും കലാശിച്ചു. ചുറ്റിക കൊണ്ട് അഖിൻ പിതാവ് രവീന്ദ്രന്റെ തലക്കടിച്ചു. തലയിൽ ആഴത്തിൽ മുറിവേറ്റ രവീന്ദ്രൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാട്ടുകാരും ഉടൻ സ്ഥലത്ത് തടിച്ചു കൂടിയതോടെ അഖിലിന് ഇവിടെ നിന്നും കടന്ന് കളയാൻ കഴിയാതായി. കിളികൊല്ലൂർ പൊലീസ് എത്തി കടയിൽ നിന്നും അഖിലിനെ പിടികൂടി. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ പ്രശ്നങ്ങളടക്കമുള്ള കാരണങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.