ഇടുക്കി: മൂലമറ്റത്ത് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കൽ അജേഷിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിനു സമീപത്തെ നച്ചാർപുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തിൽ തൂങ്ങിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ചയാണ് അജേഷിന്റെ മാതാപിതാക്കളായ മൂലമറ്റം ചേറാടി കീരിയാനിക്കൽ കുമാരനെയും (70) തങ്കമ്മയെയും (65)വീടിനുള്ളിൽ വെട്ടേറ്റുമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ അജേഷിനായി പോലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്നാണ് പോലീസിന്റെ നിഗമനം.
കുമാരനും ഭാര്യയും തൊഴിലുറപ്പു തൊഴിലാളികളായിരുന്നു. ബുധനാഴ്ച രാവിലെ തൊഴിലുറപ്പ് ജോലിക്കായി എത്താതിരുന്നതിനെത്തുടർന്ന് കുമാരന്റെ സഹോദരി കമലാക്ഷി വീട്ടിലെത്തി വിളിച്ചപ്പോൾ അകത്തുനിന്ന് ഞരക്കവും കരച്ചിലും കേൾക്കാനിടയായി. തുടർന്ന് മുറിക്കുള്ളിൽ കയറിയതോടെ വെട്ടേറ്റ് ചോരയിൽ കുളിച്ച നിലയിൽ തങ്കമ്മയെയാണ് ആദ്യം കണ്ടത്.
പിന്നീട് അടുത്ത മുറിയിൽ കുമാരനെ വെട്ടേറ്റ് മരിച്ച നിലയിലും കണ്ടെത്തി. തുടർന്ന് കാഞ്ഞാർ പോലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് ഇവർ സ്ഥലത്തെത്തി അന്വേഷണം നടത്തി.
രണ്ടു പേരെയും മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം കുമാരന്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
തങ്കമ്മയെ കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബവഴക്കിനെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.