ന്യൂഡല്‍ഹി : ജമ്മുവിലെ നഗ്രോട്ടയിലെ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം. വെടിവെപ്പില്‍ ഒരു സൈനികന് പരിക്കേറ്റതായി സൈന്യം സ്ഥിരീകരിച്ചു. അഞ്ചോളം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അക്രമികളെ കണ്ടെത്താനായി പ്രദേശത്ത് സൈന്യം വ്യാപക തിരച്ചില്‍ നടത്തുകയാണ്.
മിലിട്ടറി സ്റ്റേഷന് സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ടയാളെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് വെടിവെപ്പുണ്ടായി. നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുന്നതായും സൈന്യത്തിന്റെ 16 കോര്‍പ്സ് (വൈറ്റ് നൈറ്റ് കോര്‍പ്സ്) ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി.
നഗ്രോട്ട ഉള്‍പ്പെടെ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും നിരവധി പ്രദേശങ്ങളില്‍ പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങളും ഷെല്ലാക്രമണങ്ങളും ഉണ്ടായിരുന്നു. ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം ലഘൂകരിക്കാന്‍ സമ്മതിച്ചതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈനികകേന്ദ്രത്തിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്.