സോളാര്‍ വിവാദം കത്തിനില്ക്കുമ്പോള് സിപിഎം നടത്തിയ സെക്രട്ടറിയേറ്റ് വളയല്‍ സമരം കണ്ണടച്ചു തുറക്കുംമുമ്പാണ് അവസാനിച്ചത്. താനും കൈരളി ചാനലിന്റെ സി ഇ ഒ ആയിരുന്ന ജോണ്‍ ബ്രിട്ടാസും ഇടപെട്ടാണ് ആ സമരം ഒത്തുതീര്‍പ്പാക്കിയതെന്ന മലയാള മനോരമ സെപ്ഷ്യല്‍ കറസ്പോണ്ടന്റായി വിരമിച്ച ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലും അതേ തുടര്‍ന്നുണ്ടായ വിവാദവും സോളാര്‍ കേസിനെ വീണ്ടും ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. വിഎസ് അച്യുതാനന്ദന്റെ കടുംപിടുത്തത്തിലാണ് സിപിഎം അത്തരത്തിലൊരു സമരം പ്രഖ്യാപിച്ചത് . തങ്ങള്‍ക്ക് ഇതില്‍ വലിയ താല്പര്യമില്ലെന്ന് സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ സിപിഎമ്മിലെ കണ്ണൂര്‍ ലോബിയിലെ ചില പ്രമുഖ നേതാക്കള്‍ യുഡിഎഫിലെ ഒരു പ്രമുഖ നേതാവിനോട് വെളിപ്പെടുത്തിയിരുന്നുവെന്ന കാര്യം അന്നേ പലര്‍ക്കുമറിയാമായിരുന്നു. എന്നുവച്ചാല്‍ സമരം ഒത്തുതീര്‍പ്പാക്കി എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമോ അഭിപ്രായവ്യത്യാസമോ ഇല്ലെന്ന് സാരം.
സമരം പ്രഖ്യാപിച്ചയുടനെ തന്നെ സെക്രട്ടറിയേറ്റിന് അനിശ്ചിതകാലത്തേക്ക് അവധികൊടുക്കുക എന്ന ഉമ്മന്‍ചാണ്ടിയുടെ ആദ്യ ബ്രഹ്മാസ്ത്രം തന്നെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു. അടഞ്ഞുകിടക്കുന്ന സെക്രട്ടറിയേറ്റ് വളഞ്ഞിട്ട് എന്ത് ചെയ്യാന്‍? അതോടൊപ്പം സമരക്കാര്‍ തമ്പടിക്കാന്‍ തയ്യാറെടുത്തിരുന്ന യൂണിവേഴ്സിറ്റി കോളജ്, സംസ്കൃത കോളജ് എന്നിവടങ്ങളില്‍ പൊലീസിനെ കൊണ്ടു നിറക്കുകയും ചെയ്തു. ഇതോടെ സമരക്കാര്‍ക്ക് റോഡില്‍ നിന്നും അനങ്ങാന്‍ പറ്റാത്ത സ്ഥിതിവന്നു. സമരം ഒത്തുതീര്പ്പായില്ലങ്കില് പതിയെ പതിയെ അതിനെ പൊളിക്കുക എന്ന തന്ത്രത്തിനാണ് അന്ന് യുഡിഎഫ് രൂപം നല്‍കിയത്. ഇത് കൃത്യമായി മനസിലാക്കിയത് പിണറായി വിജയന് തന്നെയായിരുന്നു. വിഎസ് അച്യുതാനന്ദന് ഈ സമരം കൊണ്ടുവന്നു തന്റെ തലയില്‍ കെട്ടിവച്ചതാണെന്ന തോന്നല്‍ പിണറായിക്കുണ്ടായിരുന്നു എന്നതാണ് യഥാര്‍ത്ഥ്യം. സമരം പരാജയമായാല്‍ അത് തന്നെ ബാധിക്കുമെന്നും അതോടൊപ്പം ടിപി ചന്ദ്രശേഖരന് വധത്തിന്റെ അന്വേഷണം യുഡിഎഫ് സര്‍ക്കാര്‍ പുതിയ തലങ്ങളിലേക്കു കൊണ്ടുപോകുമെന്ന പിണറായിയുടെ തിരിച്ചറിവാണ് യഥാര്‍ത്ഥത്തില്‍ സമരം പിന്‍വലിക്കാന്‍ കാരണമെന്ന് അന്നേ സൂചനയുണ്ടായിരുന്നു.
തന്റെ ബോസിന്റെ നിര്‍ദേശമില്ലാതെ പാര്‍ട്ടി ചാനലിന്റെ നടത്തിപ്പുകാരന് ഇക്കാര്യത്തില്‍ ഇടപെടില്ലന്ന് ഏത് കണ്ണുപൊട്ടനും മനസിലാകും. അക്കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സിപിഎം നേതൃത്വുമായി നല്ല അടുപ്പവും ഉണ്ടായിരുന്നു. ടിപി കേസിന്റെ ദിശ എങ്ങോട്ടാണ് പോകുന്നതെന്ന് സിപിഎം നേതൃത്വത്തെ മനസിലാക്കിക്കൊടുക്കാനും അന്നത്തെ ആഭ്യന്തര മന്ത്രിക്ക് കഴിഞ്ഞിരുന്നു. അക്കാലത്ത് മന്ത്രിസഭയില്‍ ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി എന്നിവര്‍ കഴിഞ്ഞാല്‍ പിന്നെ ശക്തനായിരുന്ന വ്യക്തിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തന്നെയായിരുന്നു. ജോണ്‍ബ്രിട്ടാസുമായി ഇക്കാര്യം സംസാരിച്ചു പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി ചുമതലപ്പെടുത്തിയതും ആഭ്യന്തരമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തെയായിരുന്നു. എന്നുവച്ചാല്‍ ഈ വിഷയത്തില്‍ ജോണ്‍ മുണ്ടക്കയവും, ജോണ്‍ബ്രിട്ടാസും പറയുന്നതില്‍ അടിസ്ഥാന രഹിതമായി ഒന്നുമില്ലന്നര്ത്ഥം.
അന്ന് സോളാര്‍ സമരം നീണ്ടുപോയാല്‍ എന്ത് ചെയ്യുമെന്ന ഭീതി പിണറായിക്കും ഉമ്മന്‍ചാണ്ടിക്കും ഒരേ സമയം ഉണ്ടായതാണ് സമരം പിന്‍വലിക്കാനുള്ള പ്രധാനകാരണം. മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ സമരം അവസാനിച്ചു. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ അദ്ദേഹം തെരെഞ്ഞെടുത്തയാളാണ് പിന്നീടുള്ള കുഴപ്പങ്ങള്‍ക്ക് മുഴുവന്‍ കാരണമെന്ന് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തര്‍ പോലും അദ്ദേഹത്തോട് പറയുന്ന അവസ്ഥയുണ്ടായി. സിപിഎമ്മിലെ വിഭാഗീയതയും, കെഎം മാണിക്ക് മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹവുമെല്ലാം സോളാര്‍ സമരത്തിന് പിന്നിലുണ്ടായിരുന്നു എന്നതാണ് വാസ്തവം. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന് സോളാര്‍ സമരത്തെ വലിയൊരു പ്രക്ഷോഭമാക്കി മാറ്റണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു . സമരം കടുത്താല്‍ പിണറായിക്കെതിരായ കുടുക്കുകള്‍ ഭരണപക്ഷം മുറുക്കുമെന്ന് കണ്ടറിഞ്ഞാണ് വിഎസ് അത്തരത്തിലൊരു നീക്കം നടത്തിയതെന്ന് പിന്നീട് സിപിഎം നേതൃത്വത്തിലെ പ്രമുഖര്‍ തന്നെ രഹസ്യമായി വെളിപ്പെടുത്തിയിരുന്നു.
സോളാര്‍ സംഭവം വിവാദമായകാലത്ത് കെഎം മാണി എങ്ങുംതൊടാതെ നിലപാടുകള്‍ എടുത്തത് ഉമ്മന്‍ചാണ്ടിയെ അസ്വസ്ഥനാക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പിന്നീട് ബാര്‍കോഴ വിവാദത്തിലുണ്ടായതെന്നും കേരളാ കോണ്‍ഗ്രസുകാര്‍ വിശ്വസിക്കുന്നു. ബാര്‍ കോഴ വിഷയത്തില്‍ കെ എം മാണിക്കെതിരെയുണ്ടായെന്ന് പറയുന്ന ഗൂഡാലോചനയെക്കുറിച്ച് അന്ന് കേരളാ കോണ്‍ഗ്രസ് നേതൃത്വം ഒരു അന്വേഷണം നടത്തി റിപ്പോര്‍ട്ടുണ്ടാക്കിയിരുന്നു. ആ റിപ്പോര്‍ട്ടില്‍ യുഡിഎഫിനകത്തുണ്ടായ ഗൂഡാലോചനയാണ് ബാര്‍ അഴിമതി വിവാദമെന്ന് വ്യക്തമായി പറയുകയും ചെയ്തിരുന്നു. സോളാര്‍ സമരം ഒത്തുതീര്്പ്പാക്കി മുഖം രക്ഷിക്കേണ്ടത് അന്നത്തെ ഭരണപ്രതിപക്ഷ മുന്നണികളടെ അടിയന്തരാവശ്യമായിരുന്നു. വിഷയം കൈവിട്ടുപോയാക്കമെന്ന ധാരണ രണ്ടുകൂട്ടര്ക്കുമുണ്ടായിരുന്നു. അതില്‍ രണ്ടുമാധ്യമപ്രവര്‍ത്തകര്‍ ഇടനിലക്കാരായിരുന്നുവെന്നതും അവിശ്വസിക്കേണ്ടി കാര്യമില്ല. പിണറായി വിജയന് എപ്പോഴും പറയാറുള്ള കാര്യമുണ്ട്്.സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ ചിന്തിക്കേണ്ടത് അത് അവസാനിപ്പിക്കാനുള്ള വഴി കൂടിയാണ്