തിരുവനന്തപുരം: സോളാര്‍ പീഡനാരോപണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്കിയ സിബിഐ റിപ്പോര്‍ട്ട് കോടതി ശരിവച്ചു. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് നടപടി.സിബിഐ തിരുവനന്തപുരം യൂണിറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ പരാതിക്കാരിയുടെ വാദം കൂടി കേട്ടതിനുശേഷമാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്.
2022 ഡിസംബറിലാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. മൊഴികളിലെ വൈരുദ്ധ്യവും ആരോപണത്തിന് തെളിവില്ല എന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കാന്‍ സിബിഐ തീരുമാനിക്കുകയായിരുന്നു.2012 സെപ്റ്റംബര്‍ 19നു നാലിനു ക്ലിഫ് ഹൗസില്‍വച്ച് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാല്‍ അന്നേ ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
പിന്നീട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു. 2021 ജനുവരിയില്‍ കേസ് സിബിഐക്ക് കൈമാറി. ഇതേ കേസില്‍ എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ നടപടി കോടതി നേരത്തെ അംഗീകരിച്ചിരുന്നു. വേണുഗോപാലിനെതിരേ തെളിവില്ലെന്ന സിബിഐയുടെ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു.