തിരുവനന്തപുരം : വാർഷിക മസ്റ്ററിങ് ചെയ്യാത്തതിന്റെ പേരിൽ ആർക്കും സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷനുകൾ നഷ്ടപ്പെടില്ലെന്ന് ധനവകുപ്പ് അറിയിച്ചു. വാർഷിക പെൻഷൻ മസ്റ്ററിങ് കണക്കിൽ സാമൂഹ്യസുരക്ഷാ പെൻഷൻ വിഭാഗത്തിൽ 44.57 ലക്ഷം പേരും ക്ഷേമനിധി പെൻഷൻ വിഭാഗത്തിൽ 9.32 ലക്ഷം പേരും മസ്റ്റർ ചെയ്തു. പലതവണ കാലാവധി നീട്ടിനൽകിയാണ് വാർഷിക മസ്റ്ററിങ് കഴിഞ്ഞ 31ന് അവസാനിപ്പിച്ചത്.
തുടർന്നും എല്ലാ മാസവും ഒന്നുമുതൽ 20 വരെ മസ്റ്ററിങ് പൂർത്തിയാക്കാൻ സൗകര്യമുണ്ട്. മസ്റ്റർ ചെയ്യുന്ന മുറയ്ക്ക് പെൻഷൻ ലഭ്യമാകും. നിലവിൽ സാമൂഹ്യസുരക്ഷാ വിഭാഗത്തിൽ 52.53 ലക്ഷം പേരുടെയും ക്ഷേമനിധി വിഭാഗത്തിൽ 12.6 ലക്ഷം പേരുടെയും വിവരങ്ങൾ പെൻഷൻ വിവരശേഖരത്തിൽ ലഭ്യമാണ്. ഇതിൽ മരിച്ചവരുടെ പേര് മസ്റ്ററിങ്ങിലൂടെ ഒഴിവാക്കപ്പെടുന്നുണ്ട്.
2019ൽ വാർഷിക മസ്റ്ററിങ് ആരംഭിക്കുമ്പോൾ 51 ലക്ഷം- പേരാണ് പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിലുണ്ടായിരുന്നത്. മസ്റ്ററിങ് പൂർത്തീകരിച്ചത് 45 ലക്ഷം പേരും. പിന്നീട് 65.13 ലക്ഷമായി ഉയർന്നു. ഓണത്തിന്റെ ഭാഗമായി കഴിഞ്ഞമാസം 57.42 ലക്ഷം പേർക്ക് രണ്ടുമാസത്തെ പെൻഷൻ വിതരണം ചെയ്തിട്ടുണ്ട്. 50,67,633 പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷനും 6,74,245 പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷനും ലഭിച്ചു.